Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.പി. ദിവ്യക്ക്...

പി.പി. ദിവ്യക്ക് മുൻകൂർ ജാമ്യമില്ല; ഹരജി കോടതി തള്ളി

text_fields
bookmark_border
pp divya
cancel

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളി വിധി പറഞ്ഞത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ഹരജി പരിഗണിച്ചത്.

ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പാർട്ടിതല നടപടിക്കും സാധ്യതയുണ്ട്. നിലവിൽ സി.പി.എം ജില്ല കമ്മിറ്റിയംഗമാണ് ദിവ്യ.അതേസമയം, ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലാണ്.

ദിവ്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണമെന്നും അവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും ദൃശ്യങ്ങളും പ്രചരിപ്പിച്ചത് ആസൂത്രിതമാണ്. എ.ഡി.എമ്മിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. നവീൻ ബാബുവിന്‍റെ മരണകാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ചു വാങ്ങി. പ്രസംഗം റെക്കോഡ് ചെയ്തത് ആസൂത്രിതമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

14ന് കണ്ണൂരിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ പരിപാടിയിൽ കണ്ടപ്പോൾ കലക്ടർ, തന്നെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ക്ഷണിച്ചിരുന്നതായാണു ദിവ്യ മുൻകൂർ ജാമ്യഹരജിയിൽ പറഞ്ഞിരുന്നത്. എന്നാൽ, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്നു കലക്ടർ അരുൺ കെ. വിജയൻ പൊലീസിന് മൊഴി നൽകിയത്.

സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ലായിരുന്നു. പത്തു വർഷം ലഭിക്കാവുന്ന ശിക്ഷയാണ് ചെയ്തത്. ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടു ദിവസം കൊണ്ട് വ്യക്തമാകും എന്ന് പറഞ്ഞത് ഇതിന് തെളിവാണ്. ജില്ല കലക്ടറോട് രാവിലെ ദിവ്യ പരാതി പറഞ്ഞു.

എന്നാൽ, യാത്രയയപ്പ് ചടങ്ങിൽ ഇക്കാര്യം പറയരുതെന്നും അതിനുള്ള വേദിയല്ലെന്നും കലക്ടർ മറുപടി നൽകിയതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. നേരത്തെ, ദിവ്യയുടെ വിവാദ പ്രസംഗം അഭിഭാഷകൻ കോടതിയിൽ വായിച്ചിരുന്നു.

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതു പൊതുപ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നാണ് ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ കോടതിയിൽ വാദിച്ചത്. തനിക്കെതിരായ ആരോപണങ്ങളിൽ പലതും കെട്ടുകഥകളാണ്. ദീർഘകാലമായി പൊതുപ്രവർത്തന രംഗത്തുണ്ട്. മികച്ച പ്രവർത്തനത്തിന് അവാർഡുകൾ നേടിയിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണു താനെന്നും ദിവ്യ വ്യക്തമാക്കി.

നവീൻ ബാബുവിനെതിരെ രണ്ടു പരാതികൾ ലഭിച്ചിരുന്നു. കലക്ടർ അനൗപചാരികമായാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത്. വരുമെന്ന് ഫോണിൽ കലക്ടറെ വിളിച്ചു പറഞ്ഞു. സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടറാണ്. തന്‍റെ പരാമർശം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നായിരുന്നു ദിവ്യയുടെ വാദം. ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.

ഹരജി പരിഗണിക്കവെ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം കേൾക്കുന്നത് ഒക്ടോബർ 24ലേക്ക് മാറ്റിയത്. തുടർന്ന് വിധി പറയാനായി കേസ് 29ലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PP DivyaNaveen Babu Death
News Summary - pp divyas anticipatory bail plea rejected
Next Story