കോ-ലീ-ബി സഖ്യം, വോട്ടുകച്ചവടം, അച്ചടക്ക ലംഘനം: പി.പി. മുകുന്ദൻ ബി.ജെ.പിയുടെ ആദ്യകാല മുഖം, ഒടുവിൽ വിമതസ്വരം
text_fieldsതിരുവനന്തപുരം: അരങ്ങിലും അണിയറയിലും കേരളത്തിൽ ബി.ജെ.പിയുടെ ആദ്യകാല മുഖങ്ങളിൽ പ്രധാനിയാണ് പി.പി. മുകുന്ദൻ. വിവാദ പരമ്പരകൾക്കൊടുവിൽ പാർട്ടിയിൽ ഏറ്റവും പ്രബലമായ വിമതസ്വരമായാണ് മുതിർന്ന നേതാവിന്റെ ഒടുക്കം.
രാഷ്ട്രീയക്കാരിലെ സന്യാസിയും സന്യാസിമാരിലെ രാഷ്ട്രീയക്കാരനുമെന്നാണ് പി.പി. മുകുന്ദൻ സംഘ്പരിവാർ വൃത്തങ്ങളിൽ അറിയപ്പെട്ടത്. അതേസമയമം, കോ-ലീ-ബി സഖ്യം, വോട്ടുകച്ചവടം, അച്ചടക്ക ലംഘനം എന്നിങ്ങനെ വലിയ ആരോപണങ്ങളും വിവാദങ്ങളും ബി.ജെ.പിയുമായി ബന്ധപ്പെട്ടുയർന്നത് പി.പി. മുകുന്ദൻ പാർട്ടിയെ നയിച്ച കാലത്താണ്.
51 വർഷത്തെ രാഷ്ട്രീയ-സംഘടന ജീവിതത്തിനിടെയിൽ ആകെ നടത്തിയത് അഞ്ചോ ആറോ വാർത്തസമ്മേളനങ്ങൾ മാത്രം. സജീവമായി നിന്ന കാലത്തെ കേരളത്തിൽ സംഘ്പരിവാർ നീക്കങ്ങളുടെയെല്ലാം ചുക്കാൻ പി.പി. മുകുന്ദന്റെ കൈയിലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് വിയ്യൂർ ജയിലിലാകുമ്പോഴാണ് എം.എം. ലോറൻസ്, അരങ്ങിൽ ശ്രീധരൻ, കെ.എൻ. രവീന്ദ്രനാഥ് എന്നിവർക്കൊപ്പമുള്ള ജയിൽവാസം. മുകുന്ദന്റെ സൗഹൃദവലയത്തിൽ കെ. കരുണാകരനും ഇ.കെ. നായനാരുമെല്ലാമുണ്ടായിരുന്നു. ഇതര രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം സ്വന്തംപാളയത്തിൽ അദ്ദേഹത്തെ സംശയമുനയിൽ നിർത്തി. വോട്ടുകച്ചവട വിവാദത്തിന്റെ പിറവിയുടെ സാഹചര്യവും അതുതന്നെ.
’80കളിൽ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ഹിന്ദുസംഗമത്തോടെയാണ് മുകുന്ദൻ ശ്രദ്ധിക്കപ്പെടുന്നത്. ഉയർന്ന ജാതിക്കാരെ മാത്രമല്ല, താഴ്ന്ന ജാതിയിലുള്ളവരെയും സംഘടനയിലേക്ക് അടുപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു സമ്മേളനം.
1989ൽ ഹെഡ്ഗേവാർ ജയന്തി സംഘടിപ്പിച്ചതായിരുന്നു സംഘടനക്കുള്ളിലെ മറ്റൊരു ഇടപെടൽ. രണ്ടുരൂപക്ക് ഹെഡ്ഗേവാറിന്റെ തലപ്പടമുള്ള സ്റ്റാമ്പ് വീടുകൾതോറും വിറ്റായിരുന്നു പ്രചാരണം. ഗ്രൂപ്പുപോരിന്റെ കാലത്ത് ഒ. രാജഗോപാലിന്റെ എതിർപക്ഷത്തായിരുന്നു. വോട്ടുചോർച്ചയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണങ്ങളിൽ പലപ്പോഴും മുകുന്ദൻ പ്രതിസ്ഥാനത്തായി.
അങ്ങനെയാണ് പാർട്ടിയിൽ ഒറ്റപ്പെട്ട് നേതൃത്വത്തിൽനിന്ന് മാറേണ്ടിവന്നത്. മാറി നിന്നകാലത്ത് നേതൃത്വത്തെ നിരന്തരം വിമർശിച്ച് വിമതനെന്ന നിലയിലാണ് സംഘ്രാഷ്ട്രീയത്തിൽ അദ്ദേഹം സാന്നിധ്യമറിയിച്ചത്.
തിരിച്ചുവരവിന് പലകുറി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പുതിയ കാലത്തെ ബി.ജെ.പിയുടെ ശീലങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാതെ പതറിയ മുകുന്ദൻ ഒരിക്കൽ ബി.ജെ.പി ആസ്ഥാനത്ത് എത്തിയപ്പോൾ സ്വീകരിക്കാൻ ആരുമില്ലാതിരുന്ന കാഴ്ച ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഏറെക്കുറെ ആ നിലയിൽ തന്നെയാണ് സംഘ്രാഷ്ട്രീയത്തിലെ നായകന്റെ വിടവാങ്ങൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.