സുരേന്ദ്രൻ ഹെലികോപ്ടറിൽ ഉന്നതത്തിൽ പോകുന്നത് ഉന്നത ചിന്തക്ക് -പരിഹാസവുമായി പി.പി. മുകുന്ദൻ
text_fieldsകണ്ണൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെ കടുത്ത പരിഹാസവുമായി മുതിർന്ന നേതാവ് പി.പി മുകുന്ദൻ. ഒരേസമയം കോന്നിയിലും മഞ്ചേശ്വരത്തും രണ്ട് മണ്ഡലത്തിൽ മത്സരിക്കുകയും ഹെലികോപ്ടറിൽ കറങ്ങി പ്രചാരണം നടത്തുകയും ചെയ്യുന്നതിനെയാണ് മുകുന്ദൻ വിമർശിച്ചത്. ''ഉത്തരേന്ത്യൻ സ്റ്റൈലിൽ കേരളം എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ ഉന്നത ചിന്ത വേണന്നെത് കൊണ്ട് ആ ഉന്നതത്തിലേക്ക് പോയതായിരിക്കാം കെ. സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്ര. സൗകര്യങ്ങൾ കൂടുേമ്പാൾ വന്ന വഴി മറക്കാൻ പാടില്ല'' -മുകുന്ദൻ പറഞ്ഞു.
''ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാണെങ്കിൽ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത് കേൾക്കാൻ ഒരു സുഖമുണ്ടാകും. ഇതിപ്പോൾ ആവശ്യമില്ലാത്ത ഒരു ചർച്ചക്ക് ഇടവരുത്തുന്നു എന്ന് മാത്രമാണ് തോന്നുന്നത്.'' -മുകുന്ദൻ പരിഹസിച്ചു.
സി.പി.എം -ബി.ജെ.പി ഡീൽ ഉണ്ടെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ പറഞ്ഞത് വെറുതെയാവില്ലെന്നും ചാനൽ അഭിമുഖത്തിൽ മുകുന്ദൻ വ്യക്തമാക്കി. ''അയാൾ (ബാലശങ്കർ) അങ്ങനെ വെറുതെ പറയും എന്ന് തോന്നുന്നില്ല. ഒരുമാസമായി ചെങ്ങന്നൂരിൽ പ്രവൃത്തിക്കുന്ന അദ്ദേഹത്തിന് ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടാകും. എന്തായാലും അതേക്കുറിച്ച് അന്വേഷിക്കണം'' -പി.പി. മുകുന്ദൻ പറഞ്ഞു.
കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയതെയും മുകുന്ദൻ വിമർശിച്ചു. നല്ല വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത് സമയത്താണോ അസുഖം വരുന്നത് അത് കണ്ട് ചികിത്സിക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ നിർബന്ധ പൂർവം ഉടൻ നിർത്തിയില്ലെങ്കിൽ കഷ്ടപ്പെട്ട് പ്രവൃത്തിക്കുന്ന പ്രവർത്തകരുടെ ശാപം ഏൽക്കുന്ന പ്രസ്ഥാനമായി പാർട്ടി മാറും.
നേമത്ത് തനിക്ക് കിട്ടിയ നിഷ്പക്ഷ വോട്ട് കുമ്മനത്തിന് കിട്ടില്ലെന്ന് ഒ. രാജഗോപാൽ പറഞ്ഞത് തമാശയായി കണക്കാക്കിയാൽ മതി. അത് കാര്യമാക്കേണ്ട കാര്യമില്ല. നേരത്തെ രാമനും കൃഷ്ണനുമുള്ളതിനാൽ പി. ശ്രീരാമകൃഷ്ണന് വോട്ടുചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ കണ്ടാൽ മതി.
നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയരുത്. ലീഗിനെ ചേർക്കാം എന്ന് ഒരുേസ്റ്റജിൽ ഒരാൾ പറയുന്നു, ചേർക്കാൻ പാടില്ലെന്ന് അതേ സ്റ്റേജിൽ മറ്റൊരാൾ പറയുന്നു. ഇ. ശ്രീധരനെ മുഖ്യമന്ത്രിയാക്കാമെന്ന് ഒരിക്കൽ പറയുന്നു. പറ്റില്ലെന്ന് മറ്റൊരിക്കൽ പറയുന്നു. ഇങ്ങനെ ആലോചനയില്ലാതെ വ്യത്യസ്ത അഭിപ്രായം പറയാൻ പാടില്ല. സ്ഥാനമല്ല, പ്രസ്ഥാനമാണ് വലുത്. ''സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടൂ നടക്കുന്നൂ ചിലർ'' എന്ന ചൊല്ലു കേട്ടിട്ടില്ലേ? - മുകുന്ദൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.