രണ്ടടി മുന്നോട്ട് പോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് ബി.ജെ.പിക്ക് -പി.പി. മുകുന്ദൻ
text_fieldsകണ്ണൂർ: രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുള്ളതെന്ന് മുതിർന്ന നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.പി. മുകുന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ പ്രതിച്ഛായ പൂർണമായും നഷ്ടപ്പെട്ടു. കൊടകര കുഴൽപ്പണ സംഭവം പാർട്ടിക്ക് ആകെ നാണക്കേടുണ്ടാക്കിയെന്നും വാർത്താ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പി.പി. മുകുന്ദൻ പറഞ്ഞു.
സംസ്ഥാന ബി.ജെ.പിയിൽ നേതൃമാറ്റം അനിവാര്യമാണ്. ആദർശത്തോടെ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന പലരും ഇപ്പോൾ മാറിനിൽക്കുകയാണ്. കെ. സുരേന്ദ്രൻ പ്രസിഡന്‍റായ ശേഷം കണ്ണൂരിൽ വന്നപ്പോൾ തന്നെ വിളിച്ചിരുന്നു. പിന്നെ വിളിച്ചിട്ടില്ല.
ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ സുരേന്ദ്രന്‍റെ തന്നെയാണ്. അതൊരു കെണിയാണെന്ന് മനസിലാക്കാനുള്ള ജാഗ്രത സുരേന്ദ്രനുണ്ടായില്ല. ഇക്കാര്യത്തിൽ സുരേന്ദ്രൻ മറുപടി പറയണം. കുഴൽപ്പണ ഇടപാടിൽ ബി.ജെ.പി നേതൃത്വം പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ട്.
ആർ.എസ്.എസില്‍ നിന്നും പാര്‍ട്ടിയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനായി ഒരു പ്രഭാരിയെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തില്‍ നിന്നുള്ളയാളല്ല. ഇവിടുത്ത് സാഹചര്യങ്ങള്‍ അറിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയാണ്. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തിനറിയാം. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ തേടാനായി തന്നെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നുവെന്നും പി.പി. മുകുന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.