"നമ്മൾ ആത്മസുഹൃത്തുക്കളെന്ന് കരുതി കൊണ്ടുനടക്കുന്നവരുടെ സ്നേഹം മനസിലായി"; സുനിൽകുമാറിനെതിരെ പി.പി.സുനീർ
text_fieldsതിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി സി.പി.ഐയിൽ വിവാദം കത്തുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ചേരി തിരിഞ്ഞ് പോരടിച്ചത്. പാർട്ടി ദേശീയ കൗൺസിൽ അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി.പി.സുനീറിനെ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനത്തെ എതിർത്ത് വി.എസ്.സുനിൽ കുമാറാണ് ആദ്യം രംഗത്തുവന്നത്. സുനീർ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടെന്നും മുതിർന്ന നേതാവിനെയാണ് പരിഗണിക്കേണ്ടതെന്നുമാണ് സുനിൽകുമാർ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പറഞ്ഞത്.
കൗൺസിലിന്റെ ആദ്യദിനം കാനം വിരുദ്ധപക്ഷം സുനീറിനെതിരെ വലിയ വിമർനമാണ് നടത്തിയത്. എന്നാൽ, ഇന്ന് കാനം പക്ഷം സുനീറിനെ സംരക്ഷിച്ച് തിരിച്ചടിച്ചതോടെ പരസ്യ ഏറ്റുമുട്ടലിലേക്ക് യോഗമെത്തി. ആറ് തവണ എംഎല്‍എ ആയ ആള്‍ ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയ്യടിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നും സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്‍ തുറന്നടിച്ചു.
ഇതിനിടെയാണ് സുനിൽകുമാറിനെതിരെ സുനീർ രൂക്ഷമായി പ്രതികരിച്ചത്. നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്‌നേഹിക്കുന്നു മനസിലായെന്നും അതാണ് ഈ ചർച്ചകൊണ്ടുണ്ടായ ഗുണമെന്ന് സുനീര്‍ തുറന്നടിച്ചു. ആരോടും ആവശ്യപ്പെട്ടിട്ടല്ല സീറ്റ് ലഭിച്ചതെന്നും സുനീർ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
സുനില്‍കുമാറിനെ പരിഹസിച്ച് എ.ഐ.വൈ.എഫ് അധ്യക്ഷൻ അരുണും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 40 വയസിന് മുന്‍പ് എം.എല്‍.എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്നാണ് അരുണ്‍ പരിഹസിച്ചത്.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം മാറഞ്ചേരി സ്വദേശിയായ സുനീര്‍. 1999ൽ പൊന്നാനി മണ്ഡലത്തിൽനിന്നും ലോകസഭയിലേക്ക് ഇടതു സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്ക്കെതിരെയും 2004 ൽ പൊന്നാനി മണ്ഡലത്തിൽനിന്നും മുസ്ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിനെതിരെയും 2019 ൽ വയനാട് മണ്ഡലത്തിൽനിന്നും രാഹുൽ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു.
സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയായും എൽ.ഡി.എഫ് മലപ്പുറം ജില്ല കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനും കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമാണ്. 1968ൽ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിലാണ് ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.