നവീൻ ബാബുവിന്റെ യാത്രയയപ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പി.പി.ദിവ്യ കൈപ്പറ്റി- കെ.രാജൻ
text_fieldsതിരുവനന്തപുരം: നവീൻ ബാബുവിൻറെ യാത്രയയപ്പ് പരിപാടി ചിത്രീകരിച്ച ദൃശ്യങ്ങൾ പി.പി.ദിവ്യ കൈപ്പറ്റിയെന്ന് പ്രാദേശിക ചാനലായ കണ്ണൂർവിഷൻ പ്രതിനിധികൾ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർക്ക് മൊഴിനൽകിയെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു.
യാത്രയയപ്പ് പരിപാടി ചിത്രീകരിക്കാൻ പി.പി.ദിവ്യ ആവശ്യപ്പെട്ടുവെന്നും മൊഴി നൽകിയെന്നും മന്ത്രി നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, ഐ.സി. ബാലികൃഷ്ണൻ, സജീവ് ജോസഫ് എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകി.
അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിൽ കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ കണ്ണൂർ കളക്ടറേറ്റിൽ നിന്നും ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. നവീൻ ബാബുവിന്റെ യാത്രയയപ്പ് അനൗദ്യോഗികമായ ചടങ്ങ് മാത്രമായിരുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുടെ കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ജില്ലാ കലക്ടറേറ്റിലേക്ക് പല തവണ ഫോണിൽ വിളിച്ച് ചടങ്ങ് ആരംഭിച്ചോ എന്ന് അന്വേഷിച്ചതായി കലക്ടറേറ്റിലെ സ്റ്റാഫ് മൊഴി നൽകിയതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
നവീൻ ബാബു കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് യാതൊരു തെളിവും ലഭ്യമായിട്ടില്ല. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ഫയലുകളിൽ അകാരണമായ യാതൊരു കാലതാമസും ഉണ്ടായിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ലാൻഡ് റവന്യൂ ജോയിന്റ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തലത്തിലുള്ള അന്വേഷണ നടപടികൾ അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. ക്രിമിനൽ കേസിൽ നടന്നുവരുന്ന അന്വേഷണത്തിന് ഫയലിലെ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയാണെങ്കിൽ നൽകുവാനും ഉത്തരവായിട്ടുണ്ടെന്ന് കെ.കെ.രമ, പി.സി. വിഷ്ണുനാഥ്, എം. വിൻസന്റെ്, ചാണ്ടി ഉമ്മൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.