തകഴിയിൽ റൈസ് മില്ലിന് നിർമിച്ച കെട്ടിടം ഗോഡൗണാക്കാമോയെന്ന് പരിശോധിക്കുമെന്ന് പി. പ്രസാദ്
text_fieldsതിരുവനന്തപുരം: തകഴിയിൽ റൈസ് മില്ലിന് നിർമിച്ച കെട്ടിടം ഗോഡൗണാക്കാമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. തകഴിയിൽ റൈസ് മിൽ വിഭാവനം ചെയ്ത കാലഘട്ടത്തിലുള്ള സാഹചര്യമല്ല നിലവിലുള്ളത്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ഈ സ്ഥലത്ത് റൈസ് മിൽ പ്രവർത്തിപ്പിക്കുന്നത് പ്രായോഗികമല്ല. കെട്ടിടം നിൽക്കുന്ന സ്ഥലം മണ്ണിട്ടു ഉയർത്തിയാൽ ഗോഡൗൺ നിർമാണം പ്രായോഗികമാകുമെന്നതിനാൽ ഈ കെട്ടിടം അറ്റകുറ്റപ്പണികൾ ചെയ്തു ഗോഡൗണാക്കി മാറ്റി ഭക്ഷ്യ സാധനങ്ങൾ സംഭരിക്കാൻ കഴിയുമോയെന്ന് പരിശോധിക്കും.
നെല്ലിന് ന്യായവില ഉറപ്പു വരുത്തുക, ഉപഭോക്താക്കൾക്കു ന്യായ വിലയിൽ അരി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കൃഷി വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷന് തകഴിയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകിയത്.
ഈ മില്ലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും പ്രാദേശിക തർക്കങ്ങൾ, ഫണ്ടിന്റെ ലഭ്യതക്കുറവ് എന്നിവ മൂലം തടസം നേരിട്ടു. 2001 ഒക്ടോബറിൽ, കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാന പ്രകാരം മില്ലിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. പിന്നീട് പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുവാൻ പല തലങ്ങളിൽ ചർച്ചകൾ നടത്തി. അത് പരിഹരിച്ചശേഷം നിർമാണം പുനരാരംഭിക്കണമെന്ന് 2008-ൽ തീരുമാനമെടുത്തു.
എന്നാൽ, തർക്കം പരിഹരിക്കുവാനോ നിർമാണം പുനരാരംഭിക്കുവാനോ സാധിക്കാത്തതിനാൽ കെട്ടിടം ഭാഗികമായി നിർമിച്ച സ്ഥിതിയിലാണ്. യന്ത്രസാമഗ്രികളും വാങ്ങിയില്ല. തകഴിയിൽ റൈസ് മിൽ വിഭാവനം ചെയ്ത നിലവിലെ കെട്ടിടത്തിനനുസരിച്ചുള്ള യന്ത്ര സാമഗ്രികൾ ഇപ്പോൾ ലഭ്യമല്ലെന്നും മന്ത്രി സനീഷ് ജോസഫിന് രേഖാമൂലം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.