പി.ആർ ഏജൻസി: ദുരൂഹ നീക്കം ഡൽഹിയിൽ
text_fieldsന്യൂഡൽഹി: തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തുന്നതിന് മുമ്പേ പി.ആർ ഏജൻസികളെ ഉപയോഗിച്ച് മലപ്പുറത്തിനെതിരായ പ്രചാരണത്തിനുള്ള ദുരൂഹ നീക്കം ഡൽഹിയിൽ തുടങ്ങിയെന്ന വിവരം പുറത്തുവന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാർത്തസമ്മേളത്തിൽ പൊലീസിന്റെ സ്വർണ-ഹവാല കള്ളക്കടത്ത് വേട്ട പറയുന്നതിനും ഒരാഴ്ച മുമ്പേ അതേ കഥ പി.ആർ ഏജൻസി നൽകിയത് ഇംഗ്ലീഷ് പത്രങ്ങൾ പ്രസിദ്ധീകരിച്ചതിനാൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പറഞ്ഞത് ആലോചിച്ചുറപ്പിച്ചാണെന്ന് വ്യക്തമായി.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള സി.പി.എം കേന്ദ്ര നേതാക്കളെയോ എം.പിമാരെയോ അടുപ്പിക്കാതെയായിരുന്നു ‘ദ ഹിന്ദു’ അഭിമുഖം വരെയുള്ള നീക്കങ്ങളെന്നുംകൂടി ഉറപ്പായതോടെ വിവാദത്തിൽ മുഖ്യമന്ത്രി കൂടുതൽ ഒറ്റപ്പെടുകയാണ്.
മലപ്പുറത്തിനെതിരായ പ്രചാരണത്തിലൂടെ ഒരേസമയം പി.വി.അൻവറിന്റെ വായടപ്പിക്കാമെന്നും സി.പി.എമ്മിൽനിന്ന് നഷ്ടമായ ഹിന്ദു വോട്ടുബാങ്ക് തിരിച്ചുപിടിക്കാമെന്നുമുള്ള പി.ആർ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്റെ ഒരേ കള്ളക്കടത്ത് കഥ മൂന്നുതവണയായി മാധ്യമങ്ങളിലെത്തിക്കുകയായിരുന്നു.
മലപ്പുറത്തെ കള്ളക്കടത്തു കഥ മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം മുസ്ലിം പ്രീണനത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമം നടത്തി വൻ പരാജയമേറ്റുവാങ്ങിയെന്ന പ്രചാരണത്തെ മറികടക്കാനും മുസ്ലിംകളല്ലാത്ത വലിയൊരു വിഭാഗത്തിന്റെ പ്രീതി പിടിച്ചുപറ്റാമെന്നുമായിരുന്നു കണക്കുകൂട്ടൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദേശ പ്രകാരം കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് കേരള പൊലീസ് 150 കിലോ സ്വർണവും 337 കേസുകളിലായി 123 കോടി ഹവാല പണവും പിടികൂടിയ വാർത്തയുമായി ‘ദ ഇക്കണോമിക് ടൈംസ്’ അടക്കമുള്ള മാധ്യമങ്ങൾ ഗോദി മീഡിയ എന്ന ആക്ഷേപം നേരിടുന്ന വാർത്ത ഏജൻസിയുടെതായി സെപ്റ്റംബർ 16ന് പ്രസിദ്ധീകരിച്ചിരുന്നു. വൻതോതിലുള്ള ഈ വേട്ടയോടെ മറുഭാഗത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനെ കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെടുത്തി ആരോപണങ്ങളുയർന്നുവെന്നും എന്നാൽ, കേരളത്തിലെ സി.പി.എം സർക്കാർ ഇത് നിഷേധിക്കുകയാണെന്നും ആ വാർത്തയിലുണ്ടായിരുന്നു.
അന്ന് പ്രസിദ്ധീകരണത്തിന് പി.ആർ ഏജൻസി നൽകിയ അതേ കുറിപ്പിലെ വാചകങ്ങളാണ് സെപ്റ്റംബർ 21ലെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയിലൂടെയും സെപ്റ്റംബർ 30ന് ഹിന്ദു ദിനപത്രത്തിലെ അഭിമുഖമായും പറുത്തുവന്നത്. സെപ്റ്റംബർ 16ലെ വാർത്തക്കായി പി.ആർ ഏജൻസി ‘കൈസൻ’ പി.ആർ ഏജൻസിയിൽനിന്ന് ഉപകരാർ എടുത്തതാണോ അതോ സ്വന്തം നിലക്ക് ചെയ്തതാണോ എന്ന് വ്യക്തമല്ല. ഏതായാലും അതേ ‘വാർത്ത’യാണ് അഭിമുഖത്തിൽ ചേർക്കാൻ ‘കൈസന്’ വേണ്ടി ‘സി.പി.എം മുൻ എം.എൽ.എയുടെ മകനായ സുബ്രഹ്മണ്യൻ നൽകിയത്.
സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഡൽഹിയിലെ ഇംഗ്ലീഷ് മാധ്യമ പ്രവർത്തകർ കേരളത്തിൽനിന്നുള്ള പാർട്ടി എം.പിമാരെയോ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളെയോ ആണ് സമീപിക്കാറുള്ളത്. പലപ്പോഴും അവരുടെ സാന്നിധ്യത്തിലാണ് അഭിമുഖം നടത്താറുളത്.
എന്നാൽ, ഈ അഭിമുഖത്തിനായി ഡൽഹിയിൽ സി.പി.എം വാർത്ത കൈകാര്യംചെയ്യുന്ന മാധ്യമപ്രവർത്തകർ ആരാണെന്നുപോലുമറിയാത്ത പി.ആർ ഏജൻസി മറ്റൊരു റിപ്പോർട്ടർ വഴിയാണ് ‘ഹിന്ദു’ ദിനപത്രത്തെ സമീപിച്ചത്. തുടർന്ന് ഹിന്ദു എഡിറ്ററുടെ നിർദേശപ്രകാരമാണ് മാധ്യമപ്രവർത്തക കേരള ഹൗസിലെത്തുന്നത്.
സെപ്റ്റംബർ 29ന് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഹിന്ദു റിപ്പോർട്ടർ കേരള ഹൗസിലെത്തുമ്പോൾ ‘കൈസൻ’ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിനീത് ഹാണ്ഡയും ഇതേ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുള്ള ‘റിലയൻസി’ന്റെ പി.ആർ. സുബ്രഹ്മണ്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച വിവാദ പരാമർശം നൽകാൻ സുബ്രഹ്മണ്യൻ ഹിന്ദുവിന് നൽകിയപ്പോൾ അവരത് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.