അരവിന്ദാക്ഷൻ വടക്കാഞ്ചേരിയിലെ ജനകീയ നേതാവ്, മൊയ്തീന്റെ വിശ്വസ്തൻ
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിലാവുമ്പോൾ നെഞ്ചിടിപ്പേറുന്നത് പാർട്ടിക്കും നേതാക്കൾക്കും. കരുവന്നൂരിൽ ആരോപണ നിഴലിലുള്ള മുൻ മന്ത്രി എ.സി. മൊയ്തീന്റെയും പാർട്ടി നേതാക്കളുടെയും വിശ്വസ്തനാണ് അരവിന്ദാക്ഷൻ.
ബാങ്ക് ക്രമക്കേടിൽ പ്രതിചേർത്ത അക്കൗണ്ടൻറ് ജിൽസിനെയും ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പാർട്ടിയെ വലിയ തോതിൽ ബാധിക്കുന്നതല്ല. വടക്കാഞ്ചേരിയിലെ ജനകീയ നേതാവാണ് അരവിന്ദാക്ഷൻ. അത്താണിയിലെ ജീപ്പ് ഡ്രൈവറിൽനിന്നാണ് നഗരസഭ കൗൺസിലറായും പാർട്ടി നേതാവായും അദ്ദേഹം വളരുന്നത്. മുണ്ടത്തിക്കോട് പഞ്ചായത്ത് അംഗമായും പിന്നാലെ വടക്കാഞ്ചേരി നഗരസഭ രൂപവത്കരിച്ചപ്പോൾ കൗൺസിലറായും വിജയിച്ചു. മൂന്നുപതിറ്റാണ്ടായി ജനപ്രതിനിധിയാണ്. സി.പി.എം അത്താണി ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്. കണ്ണൂരിൽനിന്ന് തൃശൂരിലെത്തി വടക്കാഞ്ചേരിയോട് ചേർന്ന വെളപ്പായയിൽ താമസമാക്കിയ പി. സതീഷ് കുമാറിനൊപ്പം കൂടുന്നത് മൊയ്തീന്റെ വിശ്വസ്തനെന്ന നിലയിലാണ്. സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളിൽ അരവിന്ദാക്ഷനും പങ്കുണ്ടെന്നാണ് ഇ.ഡി പറയുന്നത്. സതീഷ് കുമാർ അടക്കമുള്ളവരുമായി ചേർന്ന് ഹോട്ടൽ വ്യവസായം ആരംഭിച്ചത് സംബന്ധിച്ച ടെലിഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
ജീപ്പ് ഓടിക്കുന്നതിനിടയിലാണ് 2004ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എ.സി. മൊയ്തീന്റെ ഡ്രൈവറായി അരവിന്ദാക്ഷൻ നിയമിതനാകുന്നത്. മുണ്ടത്തിക്കോട് പഞ്ചായത്ത് അംഗമായ ശേഷം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായി. മൊയ്തീൻ വഴിയാണ് സതീഷ് കുമാറുമായി അടുക്കുന്നത്. ഭാര്യവീട് ജപ്തിയായപ്പോൾ 70 ലക്ഷം രൂപ നൽകി സഹായിച്ചത് സതീഷ് കുമാർ ആയിരുന്നു. ഇതിന്റെ രേഖകൾ കാണിച്ചുള്ള ചോദ്യത്തിന് മറുപടിയുണ്ടായില്ലെന്ന് ഇ.ഡി പറയുന്നു. സതീഷ് കുമാറിനുവേണ്ടി പലപ്പോഴും ഇടപാടുകൾ നടത്തിയതായും പറയുന്നു.
എം.കെ. കണ്ണൻ ചെയർമാനായ തൃശൂർ സർവിസ് സഹകരണ ബാങ്കിലെ സതീഷ് കുമാറിന്റെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത് അരവിന്ദാക്ഷനിൽ നിന്നായിരുന്നു. അരവിന്ദാക്ഷനെയും തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെയും ചോദ്യംചെയ്തോടെയാണ് എം.കെ. കണ്ണന്റെ ബാങ്ക് കേന്ദ്രീകരിച്ചുള്ള സതീഷ് കുമാറിന്റെ ഇടപാട് വിവരങ്ങളുടെ തെളിവുകൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.