പി.ആർ വിവാദത്തിൽ വിചിത്ര വാദം; ഖേദക്കുറിപ്പ് ഉൾക്കൊള്ളും പക്ഷേ, ‘ഹിന്ദു’ പറഞ്ഞ പി.ആറിനെ തള്ളും
text_fieldsതിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ ഹിന്ദു ദിനപത്രത്തിന്റെ ഖേദപ്രകടനത്തെ സ്വീകരിക്കുമ്പോഴും പി.ആർ ഇടനിലയെക്കുറിച്ച പത്രത്തിന്റെ പരാമർശങ്ങൾ തള്ളി സി.പി.എം. മുഖ്യമന്ത്രിയുടെ പേരിൽ ഗുരുതര പരാമർശങ്ങൾ അച്ചടിച്ചുവന്നതിനെ കുറിച്ച് അന്വേഷണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സാമാന്യമര്യാദ കാട്ടിയ പത്രമാണ് ഹിന്ദുവെന്നും അതുകൊണ്ട് അവർക്കെതിരെ ഒരു കേസും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
‘ഹിന്ദുവിനെ തങ്ങൾ നന്നായി വിലമതിക്കുന്നു. ആ ഭാഗം തീർന്നു. തങ്ങൾക്ക് പിശക് പറ്റിയെന്നും തങ്ങൾ ഖേദിക്കുന്നുവെന്നും ഹിന്ദു മാന്യമായ നിലയിൽ കൃത്യതയോടെ പറഞ്ഞു. ഇതിൽ ഞങ്ങൾ നടപടി അവസാനിപ്പിച്ചു. ഖേദപ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. പത്രധർമം പാലിക്കുന്ന മാധ്യമമാണെ’ന്നും ഗോവിന്ദൻ വിശദീകരിച്ചു.
നിലപാടിൽ വൈരുധ്യമില്ലേയെന്ന് ചോദ്യമുയർന്നപ്പോൾ ‘നിങ്ങളുടെ ചോദ്യത്തിലും എന്നിലും എല്ലാവരിലും വൈവിധ്യമുണ്ടെന്ന’ വിചിത്ര മറുപടിയാണുണ്ടായത്. മലപ്പുറം പരാമർശം ആരാ ഉൾപ്പെടുത്തിയതെന്നത് സംബന്ധിച്ച ചോദ്യത്തിന് ‘അതെന്താണെന്ന പരീക്ഷണത്തിന് പോകേണ്ട ഒരു കാര്യവും തങ്ങൾക്കില്ലെ’ന്നായി മറുപടി. അതീവ സുരക്ഷ സംവിധാനമുള്ള മുഖ്യമന്ത്രിയുടെ സമീപത്തേക്ക് അനുമതിയില്ലാതെ എങ്ങനെ അഭിമുഖസമയത്ത് മറ്റൊരാൾ കടന്നുവരുമെന്ന് വാർത്തസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആർക്കുമെത്താമെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ വിശദീകരണം.
വിവാദത്തിൽ പ്രശ്നം തണുപ്പിക്കാനാണ് സി.പി.എം തീരുമാനം. അടിയന്തര പ്രമേയ ചർച്ചക്കുള്ള മറുപടിയിലും മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയുമെല്ലാം വാർത്തസമ്മേളനങ്ങളിലും ഈ തന്ത്രപരമായ നിലയാണ് പ്രകടമായത്.
സർക്കാറിനെ തകർക്കാനുള്ള നീക്കമെന്ന പൊതുനിലപാടിനപ്പുറം മറ്റ് പരാർമശങ്ങളൊന്നും വേണ്ടതില്ലെന്നാണ് ധാരണ. പാർട്ടി ബന്ധുവായതിനാൽ ആലപ്പുഴയിലെ സി.പി.എം നേതാവ് ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനെ തള്ളിപ്പറയില്ല. പരാമർശങ്ങൾ സുബ്രഹ്മണ്യന് നൽകിയതാര് എന്നതിലും അന്വേഷണമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.