പി.ആർ. ജിജോയ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
text_fieldsതിരുവനന്തപുരം: പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി.ആറിനെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി നിയമിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
ചലച്ചിത്ര-നാടക പ്രവർത്തകനും നടനും ആയ ജിജോയ്, പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. വിഖ്യാത ചലച്ചിത്രകാരൻ സയീദ് മിർസയെ ചെയർമാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്ടർ നിയമനം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്ര പഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയർത്താൻ വേണ്ടിയാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്ന് തിയേറ്റർ ആർട്സിൽ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് റാങ്കോടെ ഡ്രാമ ആൻഡ് തിയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. അമ്പത്തഞ്ച് ചലച്ചിത്രങ്ങളിലും നാല്പത് നാടകങ്ങളിലും ഇരുപത്തഞ്ച് ഹ്രസ്വചിത്രങ്ങളിലും പത്ത് സീരിയലുകളിലും വേഷമണിഞ്ഞിട്ടുണ്ട്. നാല് വൻകരകളിലായി നാനൂറ് അന്താരാഷ്ട്ര നാടകമേളകളിൽ അഭിനേതാവായി പങ്കാളിയായി. നാലു വർഷം സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂർവ്വ വിദ്യാർഥിയാണ്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്‌കോളർഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതൽ എഫ്.ടി.ഐ.ഐ അധ്യാപകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.