വേറിട്ട വ്യക്തിത്വം അടയാളപ്പെടുത്തി പ്രഭുലാൽ
text_fieldsആലപ്പുഴ: പ്രകൃതിയും യാത്രകളും സംഗീതവും ഇഷ്ടപ്പെടുന്ന ആലപ്പുഴക്കാരനാണ് താനെന്ന് ഫേസ്ബുക്കിൽ കുറിച്ച പ്രഭുലാൽ പ്രസന്നൻ പോസ്റ്റ് അവസാനിപ്പിക്കുന്ന ഇംഗ്ലീഷ് വരികളുടെ മലയാളം അർഥം ഇതാണ്: ‘‘എെൻറ മുഖത്തെ കറുപ്പ് തന്നെയാണ് എെൻറ അടയാളം. അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിർത്തുന്നു’’.
ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുവിന് മുഖത്തിെൻറ അധികഭാഗത്തും കറുത്ത മറുകാണ്. ബാല്യ-കൗമാരങ്ങളിൽ അനുഭവിക്കേണ്ടിവന്ന സഹതാപവും കളിയാക്കലുമൊക്കെ ആ കുഞ്ഞ് മനസ്സിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. മാതാവ് ബിന്ദു ചെറുപ്പം മുതൽക്കേ നൽകിയ ധൈര്യമായിരുന്നു പ്രഭുവിെൻറ കരുത്ത്. ബന്ധുക്കളും സുഹൃത്തുക്കളും പ്രഭുലാലിനെ ചേർത്തുപിടിച്ചു.
നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളജിൽനിന്ന് കോമേഴ്സിൽ ബിരുദം നേടിയ ശേഷം ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങിൽ ഡിപ്ലോമ സമ്പാദിച്ചു. ഇപ്പോൾ കേരള വാട്ടർ അതോറിറ്റി ഹരിപ്പാട് സബ് ഡിവിഷനിൽ താൽക്കാലിക അടിസ്ഥാനത്തിൽ എൽ.ഡി ക്ലർക്കായി ജോലിചെയ്യുന്നു. വിദൂരവിദ്യാഭ്യാസത്തിലൂടെ മധുര കാമരാജ് സർവകലാശാലയിൽ അവസാന വർഷ എം.കോം വിദ്യാർഥിയുമാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ശാരീരിക ബുദ്ധിമുട്ടുകളാൽ വീടുകളിൽ തളച്ചിടപ്പെട്ടവരെ കലാപരമായി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഏറെ താൽപര്യം. ലോക്ഡൗൺ കാലത്ത് വീടുകളിൽ കഴിയാൻ നിർബന്ധിക്കപ്പെട്ട മറ്റുള്ളവർക്ക് ജീവിതകാലം മുഴുവനും ഒറ്റപ്പെട്ട് കഴിയുന്നവരെ കുറിച്ച് ഓർക്കാനുള്ള അവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് ഈ 24കാരൻ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളിയായ പിതാവ് തൃക്കുന്നപ്പുഴ പ്രസന്നൻ കവിയും സാഹിത്യകാരനുമാണ്. അദ്ദേഹത്തിെൻറ പല രചനകളും പുസ്തക രൂപത്തിലായിട്ടുണ്ട്. പുതിയ ചിലത് പുസ്തകമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലോക്ഡൗൺ വന്നുപെട്ടത്. ജ്യേഷ്ഠൻ: ഗുരുലാൽ. അനുജത്തി: വിഷ്ണുപ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.