‘പ്രബോധനം’ 75ാം വാർഷികാഘോഷം നാളെ
text_fieldsകോഴിക്കോട്: ‘പ്രബോധനം’ വാരികയുടെ 75 ാം വാർഷികാഘോഷം ഞായറാഴ്ച കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തിൽ നടക്കും.
പ്രബോധനം കുടുംബ സംഗമത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാവുകയെന്ന് പ്രബോധനം ചീഫ് എഡിറ്റർ കൂട്ടിൽ മുഹമ്മദലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ‘പ്രബോധനത്തിലെ എഴുത്ത്’ എന്ന വിഷയത്തിൽ ഡോ.കെ. ഇൽയാസ് മൗലവി, മുഹമ്മദ് ശമീം, ഡോ. ജമീൽ അഹ്മദ്, മമ്മൂട്ടി അഞ്ചുകുന്ന്, കെ.ടി. ഹുസൈൻ, ഷഹ്ല പെരുമാൾ, ഫൗസിയ ഷംസ്, വി.പി. റശാദ് എന്നിവർ സംവദിക്കും. മുതിർന്ന പത്രപ്രവർത്തകരെ ആദരിക്കൽ ഉച്ചക്കു ശേഷം നടക്കും.
‘ഇസ്ലാമെഴുത്തിന്റെ ഭാവി’ എന്ന സംവാദത്തിൽ വി.എ. കബീർ അധ്യക്ഷതവഹിക്കും. വി.എം. ഇബ്രാഹീം, സി. ദാവൂദ്, സുഫ് യാൻ അബ്ദുസ്സത്താർ, ഡോ. പി.കെ. സാദിഖ് എന്നിവർ പങ്കെടുക്കും. വൈകീട്ട് 6.30ന് പൊതുസമ്മേളനം പട്നയിലെ ഇമാറത്തെ ശരീഅയുടെ അധ്യക്ഷൻ മൗലാനാ അഹ്മദ് വലി ഫൈസൽ റഹ്മാനി ഉദ്ഘാടനം ചെയ്യും. 450ൽ അധികം പേജ് വരുന്ന ‘ഇന്ത്യൻ മുസ്ലിം സ്വാതന്ത്ര്യത്തിനു ശേഷം’ എന്ന വിശേഷാൽ പതിപ്പ് അഡ്വ. ഹാരിസ് ബീരാൻ എം.പി പ്രകാശനം ചെയ്യും. ശൈഖ് വി.പി. അഹ്മദ് കുട്ടി (ടൊറണ്ടോ) കോപ്പി ഏറ്റുവാങ്ങും. ടി. ആരിഫലി, എം.ഐ. അബ്ദുൽ അസീസ്, ഒ. അബ്ദുറഹ്മാൻ, ഡോ. പി.ജെ. വിൻസെന്റ്, ഡോ. അബ്ദുസ്സലാം അഹ്മദ് തുടങ്ങിയവർ സംബന്ധിക്കും. 1949 ആഗസ്റ്റ് ഒന്നിനാണ് പ്രബോധനം ആദ്യ ലക്കം പുറത്തിറങ്ങിയത്. പ്രബോധനം എഡിറ്റർ അശ്റഫ് കീഴുപറമ്പ്, സംഘാടക സമിതി കൺവീനർ ശരീഫ് കുറ്റിക്കാട്ടൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.