അറിവാഴം തൊട്ട് ‘പ്രബോധനം’ എക്സിബിഷൻ
text_fieldsകോഴിക്കോട്: മുസ്ലിം കൈരളിയുടെ നവോത്ഥാന ചരിത്രത്തിന്റെ നാൾവഴികളിലേക്ക് ആഴ്ന്നിറങ്ങി ‘പ്രബോധനം’ എക്സിബിഷൻ. വാരികയുടെ 75ാം വാർഷികം ആഘോഷിക്കുന്ന ജെ.ഡി.ടി ഓഡിറ്റോറിയത്തിന് സമീപം ഹാളിൽ സംഘടിപ്പിച്ച എക്സിബിഷൻ നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം നവോത്ഥാന ചരിത്രത്തിലേക്കുള്ള എത്തിനോട്ടമായി. 75 വർഷം മുമ്പ് 1949 ആഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ ‘പ്രബോധനം’ വാരികയുടെ ആദ്യ കോപ്പി പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി. വാരികയുടെ ആദ്യകാല വാർഷികപ്പതിപ്പുകളും പ്രത്യേക പതിപ്പുകളും അന്വേഷിച്ച് മേളയിൽ ആളുകളെത്തി. മലയാളത്തിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അറബി മലയാളത്തിൽ കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ മുസ്ലിംകൾക്കിടയിൽ അറബിമലയാളത്തിൽ അച്ചടിച്ച് ഇറക്കിയ ആഴ്ചപ്പത്രങ്ങളും വാരികകളും എക്സിബിഷനിലെത്തിയ പുതുതലമുറക്ക് കൗതുകമായി.
മുസ്ലിം സമൂഹത്തെ ബോധവത്കരിക്കുന്നതിനായി ഇ. മൊയ്തുമൗലവിയും കുഞ്ഞുമുഹമ്മദ് ഹാജിയും കൊടുങ്ങല്ലൂരിൽ പ്രസിദ്ധീകരിച്ച അൽ- ഇസ്ലാഹ് അറബ് മലയാള ആഴ്ചപ്പതിപ്പ്, തിരുവനന്തപുരം ആയില്യം തിരുനാൾ മഹാരാജാവിന്റെ നിർദേശ പ്രകാരം കോഴിക്കോട് വിദ്യാവിലാസം പ്രസിൽനിന്ന് അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ ഇന്ത്യൻ ശിക്ഷാനിയമ പുസ്തകാവലി, 1860ൽ കോഴിക്കോട്നിന്ന് അച്ചടിച്ച പുസ്തകത്തിന്റെ മറ്റ് കോപ്പികൾ എന്നിവയൊന്നും കേരളത്തിൽ ലഭ്യമല്ലെന്ന് പുസ്തകത്തിന്റെ സൂക്ഷിപ്പുകാരൻ എ.ടി. യൂസുഫലി പറഞ്ഞു. 104 വർഷം മുമ്പ് കൊടുങ്ങല്ലൂരിൽനിന്ന് പ്രസിദ്ധീകരിച്ച അൽ ഇർഷാദ് അറബ് മലയാള മാസിക, കോട്ടയത്തുനിന്നും ഇശാഅത്ത് സംഘം 1932ൽ പ്രസിദ്ധീകരിച്ച ഇശാഅത്ത് മാസികയുടെ വിവിധ ലക്കങ്ങൾ, വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് അറബി മലയാളത്തിൽ പുറത്തിറങ്ങിയ പുസ്തകങ്ങൾ, ടിപ്പു സുൽത്താനെക്കുറിച്ച അറബി മലയാളത്തിലെ ലഘുകൃതി, ജന്തുശാസ്ത്രത്തിൽ അറബിത്തമിഴിൽ എഴുതിയ കൃതി, കെ. ഉമ്മർ മൗലവി എഡിറ്ററായി കൊച്ചിയിൽനിന്ന് ഇറങ്ങിയ സൽ സബീൽ മാസിക, സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ മരണവേളയിൽ കെ. മൊയ്തു മൗലവി രചിച്ച അനുശോചന കാവ്യം.
ജമാഅത്തെ ഇസ്ലാമി കേരള പ്രഥമ അമീറിന്റെ നിർദേശപ്രകാരം തയാറാക്കിയ കത്തുകൾ തുടങ്ങിയ അത്യപൂർവ രേഖകളും പ്രസിദ്ധീകരണങ്ങളും പ്രദർശനത്തെ ആകർഷകമാക്കി. പ്രദർശനം ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.