ഇത് പ്രദീപന്റെ ഐഡിയ! പുഴയിലെ മാലിന്യം ശേഖരിക്കാൻ വേറിട്ട വഴി
text_fieldsഅഞ്ചരക്കണ്ടി (കണ്ണൂർ): അഞ്ചരക്കണ്ടി പുഴയെ മാലിന്യത്തിൽനിന്ന് രക്ഷിച്ചെടുക്കാന്‍ വേറിട്ട വഴിയിലൂടെ പരിശ്രമിക്കുകയാണ് വേങ്ങാട് സ്വദേശി എം.സി. പ്രദീപൻ. ദയരോത്ത് പാലത്തിന് സമീപത്തുനിന്നാണ് പ്രദീപൻ മാലിന്യം നീക്കംചെയ്യുന്നത്.
ചെറുപ്പം മുതലേ പുഴയോടുള്ള കമ്പമാണ് പ്രദീപനെ പരിസ്ഥിതിസ്നേഹിയാക്കി മാറ്റിയത്. കവുങ്ങ്, മുള, കയർ എന്നിവയാണ് മാലിന്യശേഖരണത്തിനുള്ള വസ്തുക്കൾ. പുഴക്കുകുറുകെ മുളയും കവുങ്ങും കെട്ടിയിട്ടാണ് മാലിന്യം ശേഖരിക്കുക. പ്ലാസ്റ്റിക് കുപ്പികളും തെർമോകോളുകളും മറ്റും തങ്ങിനിൽക്കുന്നതിന് മൂന്നു പാളികളായി കെട്ടിയിടും. ഇതിൽ തങ്ങിനിൽക്കുന്നവ പിന്നീട് ശേഖരിച്ച് കരയിലേക്കെത്തിക്കും. ടൈൽസ് പണിക്കാരനായ പ്രദീപൻ ഒഴിവുസമയങ്ങളിലാണ് മാലിന്യം ശേഖരിക്കുക.
മക്കളും സുഹൃത്തുക്കളും സഹായത്തിനെത്തും. മഴക്കാലം കഴിയുമ്പോഴേക്കും കുന്നോളം മാലിന്യമാണ് പ്രദീപൻ ശേഖരിക്കുന്നത്. എന്നാൽ, ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമില്ലാത്തതാണ് പ്രദീപനെ അലട്ടുന്നത്. നേരത്തേ മണക്കായി പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യം കീഴല്ലൂർ ഡാമിലാണ് അടിഞ്ഞിരുന്നത്. ഇപ്പോൾ ഡാമിൽ അടിയുന്ന മാലിന്യം കുറവാണ്. വർഷംതോറും ടൺകണക്കിന് മാലിന്യമാണ് ജലാശയങ്ങളിൽ ഒഴുകിയെത്തുന്നത്. പ്രകൃതിക്ക് ഏറെ ദോഷം വരുത്തുന്ന മാലിന്യം നീക്കംചെയ്യാനുള്ള പ്രദീപെൻറ ശ്രമം ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.