പ്രഫുൽ ഖോഡ പട്ടേൽ; ഏകാധിപത്യത്തിെൻറ ആൾരൂപം
text_fieldsകോഴിക്കോട്: വിദ്യാലയങ്ങൾ തടവറയാക്കാൻ ഉത്തരവിട്ട ഒരുപക്ഷേ ഇന്ത്യയിലെ ഏക ഭരണാധികാരി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ആയിരിക്കും. അധികാര ദുർവിനിയോഗവും ഏകാധിപത്യ പ്രവണതകളും ആവശ്യത്തിലധികം കാണാനാകും അദ്ദേഹത്തിന്റെ അധികാരവഴികളിൽ. പ്രഫുൽ പട്ടേലിന്റെ പിതാവ് ഖോഡാഭായ് രൻജോദ്ഭായ് പട്ടേൽ ഗുജറാത്തിലെ ആർ.എസ്.എസ് നേതാവും മോദിയുടെ വളരെ അടുത്ത സുഹൃത്തും ആയിരുന്നു.
അധികാരത്തിലേക്കുള്ള വഴികൾ തെളിയുന്നത് അങ്ങനെയാണ്. മോദി ഗുജ്റാത്ത് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയിൽ അംഗമായിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ജയിലിലായിരുന്നപ്പോൾ ആ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു പ്രഫുൽ ഖോഡ. സൊഹ്റാബുദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലയടക്കം സംഘ് പരിവാർ ഭരണകൂടത്തിന്റെ പല വിവാദ സംഭവങ്ങളിലും നേരിട്ട് ബന്ധമുള്ള നേതാവ്.
പിന്നീട് തെരഞ്ഞടുപ്പിൽ തോറ്റു. മോദി പ്രധാനമന്ത്രിയായപ്പോൾ മറന്നില്ല. കേന്ദ്ര ഭരണ പ്രദേശമായ ദമൻ-ദിയു അഡ്മിനിസ്ട്രേറ്ററാക്കി. മുൻപ് ഗോവയുടെ ഭാഗമായിരുന്ന ദമൻ-ദിയുവും ദാദ്ര-നഗർ ഹവേലിയും യോജിപ്പിച്ച് ഒറ്റ കേന്ദ്ര ഭരണ പ്രദേശമാക്കിയത് 2019ലാണ്. ആദ്യ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ എന്ന ബി.ജെ.പി നേതാവിനെ നിയമിക്കുകയും ചെയ്തു. ഐ.എ.എസ് ഒഫിസറല്ലാത്ത ആദ്യത്തെ അഡ്മിനിസ്ട്രേറ്ററാണ് പ്രഫുൽ ഖോഡ പട്ടേൽ.
ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററായിരുന്ന ദിനേശ്വർ ശർമ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ മുതൽ ദ്വീപിന്റെ അധിക ചുമതലയും ശർമയെ ഏൽപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലക്ഷദ്വീപിൽ നടപ്പിലാക്കിയതിനെക്കോൾ മോശം പരിഷ്കാരങ്ങളാണ് പ്രഫുൽ ഖോഡ പട്ടേൽ ദമൻ-ദിയുവിൽ നടപ്പിലാക്കിയത്. ബുൾഡോസർ ഉപയോഗിച്ച് തീരദേശവാസികളുടെ കുടിലുകൾ മുഴുവൻ ഇടിച്ചുനിരത്തി. വ്യവസായികൾക്ക് വേണ്ടി ആദിവാസികളായ മൽസ്യ തൊഴിലാളികളുടെ ഭൂമി പിടിച്ചെടുത്തു.
സമരത്തെ കിരാതമായി അടിച്ചമർത്തി. ആളുകൾ പ്രതിഷേധിച്ച് തുടങ്ങിയേപ്പാൾ മുദ്രാവാക്യം വിളിയും ഉച്ചഭാഷിണി ഉപയോഗവും വിലക്കി. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കുന്നതിനായി രണ്ട് സ്കൂളുകൾ ജയിലുകളാക്കി മാറ്റാനും ഇദ്ദേഹം ഉത്തരവിട്ടു. ദാദ്ര നാഗർ ഹവേലിയിൽനിന്നുള്ള പാർലമെൻറംഗമായ മോഹൻഭായ് സൻജിഭായ് ദേൽഖറിനെ 2021 ഫെബ്രുവരി 22നാണ് മുംബൈയിലെ ഹോട്ടൽ സീ ഗ്രീനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ലഭിച്ച 15 പേജ് ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന്റെ മുഖ്യകാരണക്കാരനായി അദ്ദേഹം ആരോപിച്ചിരിക്കുന്നത് പ്രഫുൽ പട്ടേലിന്റെ പേരാണ്.
തന്റെ അച്ഛൻ ആത്മഹത്യക്ക് മുംബൈ തെരഞ്ഞെടുത്തത് കൊണ്ടാണ് ആത്മഹത്യ കുറിപ്പെങ്കിലും പുറത്ത് വന്നതെന്ന് മോഹൻ ഭായിയുടെ മകൻ പറയുന്നു. ദമൻ-ദിയു മുൻ കലക്ടറും മലയാളിയുമായ കണ്ണൻ ഗോപിനാഥുമായുള്ള പ്രഫുൽ പട്ടേലിന്റെ ഉരസലുകളും അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനമായ സിൽവാസയുടെ കലക്ടറായിരുന്നു കണ്ണൻ ഗോപിനാഥൻ. തെരെഞ്ഞടുപ്പ് ചട്ടം ലംഘിച്ചു എന്നാരോപിച്ച് മോഹൻ ഭായിക്ക് നോട്ടീസ് നൽകാൻ കണ്ണൻ ഗോപിനാഥന് മേൽ പ്രഫുൽ പട്ടേൽ സമ്മർദം ചെലുത്തി. ഇത് പിന്നീട് വൻ വിവാദമായിരുന്നു. ദമൻ-ദിയുവിൽ ആദിവാസികളായിരുന്നു പ്രഫുൽ ഖോഡയുടെ ഇരകളെങ്കിൽ ലക്ഷദ്വീപിൽ ന്യൂനപക്ഷം എന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.