പ്രജീഷ് അഭിനയിച്ചു; ആ തിരക്കഥ അറംപറ്റുമെന്നറിയാതെ
text_fieldsകൽപറ്റ: അഭിനയിച്ച സിനിമയിലെ കഥതന്നെ ജീവിതത്തിൽ അറംപറ്റുക. അത്തരമൊരു ദാരുണസംഭവമാണ് വയനാട് വാകേരി കൂടല്ലൂരിൽ കഴിഞ്ഞ ദിവസം കടുവ കൊന്ന പ്രജീഷിന്റെ ജീവിതത്തിലുമുണ്ടായത്. സംവിധായകന്റെ നിർദേശാനുസരണം ആദ്യമായി കാമറക്ക് മുന്നിൽ നിൽക്കുമ്പോൾ, കഥയിലെ പ്രമേയം യഥാർഥ ജീവിതത്തിൽ താൻ അനുഭവിക്കേണ്ടിവരുമെന്ന് പ്രജീഷ് കരുതിയിട്ടുണ്ടാവില്ല.
പ്രജീഷിന്റെ അയൽവാസിയും സുഹൃത്തുമായ ജനീഷ് ചങ്ങനാപറമ്പിലിന്റെ സുഹൃത്തുക്കൾ കഴിഞ്ഞ ഒക്ടോബർ രണ്ടിന് പുതിയ സിനിമ ചർച്ചക്കായി വാകേരിയിൽ വന്നിരുന്നു. എറണാകുളം സ്വദേശിയും കാമറാമാനും ഡയറക്ടറുമായ ജോഷ്വോ റോനാൾഡ്, സ്റ്റൗണ്ട് മാസ്റ്ററായ കോഴിക്കോട് സ്വദേശി രാജൻ കുരിക്കൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് അനിൽ ചെങ്ങന്നൂർ എന്നിവരാണ് എത്തിയത്. ജനീഷിന്റെ ഫാമിൽ തങ്ങിയ ഇവരുടെ ചർച്ചയിൽ നാട് അനുഭവിക്കുന്ന വന്യജീവിശല്യമെന്ന ദുരവസ്ഥയും നിഴലിച്ചു. അത് പിന്നീട് ഹ്രസ്വചിത്രമെന്ന ആശയത്തിലെത്തുകയായിരുന്നു. രാത്രിതന്നെ വിശദമായ ചർച്ച നടത്തി. തിരക്കഥ ആ രാത്രിതന്നെ എഴുതിത്തീർക്കുകയും ചെയ്തു.
ഒരു നാട്ടിൽ കടുവ ഇറങ്ങുന്നു. ഈ കടുവ ജനത്തിന് ഭീഷണിയാവുന്നു. കടുവയെ വെടിവെച്ചുകൊല്ലാൻ പുറത്തുനിന്ന് ആളുകൾ എത്തുന്നു. അവസാനം നാട്ടിൽതന്നെയുള്ള പ്രമാണിയെ കടുവ കൊല്ലുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. നാട്ടുകാരിൽനിന്നുതന്നെ അഭിനേതാക്കളെ കണ്ടെത്തുകയും ചെയ്തു. ഒക്ടോബർ നാലിന് ഒരു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പ്രദേശത്ത് തുടങ്ങി. ഒരു ദിവസം മാത്രമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് പശുവിന് പുല്ലരിഞ്ഞ് ജീപ്പിൽ മടങ്ങുന്ന പ്രജീഷിനെ ജനീഷ് കാണുന്നത്. ഉടനെ ജീപ്പ് തടഞ്ഞ് പ്രജീഷിനെ അഭിനയിക്കാൻ ക്ഷണിച്ചു.
ഒരു മടിയുമില്ലാതെ കുറച്ച് രംഗങ്ങളിൽ അഭിനേതാവായി. പിന്നീട് പശുവിനെ കറക്കാനുണ്ടെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. അന്ന് ഷൂട്ടിങ്ങിന് ധരിച്ച കാവി മുണ്ടും ചുവന്ന ടീഷർട്ടും തന്നെ കടുവ കൊല്ലുമ്പോഴും പ്രജീഷ് ധരിച്ചിരുന്നതെന്ന് വേദനയോടെ ജനീഷ് പറഞ്ഞു. പുതുവത്സരത്തിൽ ഹ്രസ്വചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. സിനിമക്ക് ഇതുവരെ പേരിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.