ലഹരിയെന്ന സാമൂഹ്യവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് പി. രാജീവ്
text_fieldsകൊച്ചി: ഭാവി തലമുറക്കും നമ്മുടെ നാടിനും വലിയ ഭീഷണിയായ ലഹരി എന്ന സാമൂഹ്യവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് മന്ത്രി പി. രാജീവ്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റീസര്‍ജന്‍സ് 2023 എന്ന പേരില്‍ കാക്കനാട് കാര്‍ഡിനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ക്യാമ്പയിനില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ഏകോപനത്തോടെ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലഹരിയുടെ വിപത്തില്‍ നിന്ന് നാടിനെയും ഭാവി തലമുറയെയും രക്ഷിക്കാനാകൂ. വഴിയരികിലും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തി നിരവധിപേര്‍ വിദ്യാർഥികളെ തെറ്റായ വഴിക്ക് നയിക്കുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം, വില്‍പന എന്നിവ തടയാന്‍ എക്‌സൈസ് വകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക നമ്പറുകളും ഒരുക്കിയിട്ടുണ്ട്. വിവരം നല്‍കിയത് ആരാണ് എന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഈ നമ്പറുകള്‍ എല്ലാവരും ഉപയോഗപ്പെടുത്തി സമൂഹത്തില്‍ നിന്ന് ലഹരിയെ തുടച്ചുമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. സ്‌കൂള്‍, കോളജ്, വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോളജ് വിദ്യാഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാർഥികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്യാമ്പയിനിലൂടെ വരുംതലമുറയെ ലഹരിയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുവാന്‍ സാധിക്കട്ടെയെന്ന് സ്‌കൂള്‍, കോളേജ് തലത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ബോധവല്‍ക്കരണ യജ്ഞം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഹൈബി ഈഡന്‍ എം. പി. പറഞ്ഞു. ചടങ്ങില്‍ ലഹരിവിരുദ്ധ ലോഗോ പ്രകാശനവും എം.പി. നിര്‍വഹിച്ചു. മേയർ എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പയിനോടനുബന്ധിച്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയരാജ് അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ഓട്ടന്‍ തുള്ളല്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ എന്‍സിസി ബാന്റിന്റെ നേതൃത്വത്തില്‍ ബാന്റ് മേളം, ഭാരത മാതാ കോളജ് എൻ.സി.സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍, പാമ്പാക്കുട എന്‍.ടി. എം എച്ച്.എസ്.എസ് എന്‍സി.സി വിഭാഗത്തിന്റെ സെറിമോണിയല്‍ പരേഡ്, രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന്റെ എറോബിക് ഡാന്‍സ്, കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവരുടെ ഫ്‌ളാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.