സംസ്ഥാനത്തെ ആദ്യ റിന്യൂവബിള്‍ പാര്‍ക്ക് കളമശേരിയില്‍ ഒരുക്കുമെന്ന് പി. രാജീവ്
text_fieldsതിരുവനന്തപുരം : പുനരുപയോഗിക്കാവുന്ന വസ്തുക്കളും സൗരോര്‍ജവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ റിന്യൂവബിള്‍ പാര്‍ക്ക് കളമശേരിയില്‍ ഒരുക്കുമെന്ന് മന്ത്രി പി രാജീവ്. കളമശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ശുചിത്വത്തിനൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടീല്‍ പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസം നീണ്ട തീവ്ര ശുചീകരണ യജ്ഞത്തിലൂടെ കളമശേരി മണ്ഡലത്തെ മാലിന്യമുക്തമാക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ചിരിക്കുകയാണെന്നും വൃത്തിയാക്കി വീണ്ടെടുത്ത കേന്ദ്രങ്ങളില്‍ സ്ഥലം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ ജിം, വിശ്രമ വിനോദ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ട്രീ, സോളാര്‍ ബഞ്ചുകള്‍ തുടങ്ങിയവ റിന്യൂവബിള്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായിരിക്കും. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച കലാനിര്‍മിതികള്‍, ഇരിപ്പിടങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, കുട്ടികള്‍ക്കുള്ള വിനോദോപാധികള്‍ എന്നിവ പാര്‍ക്കിലുണ്ടാകും. കളമശേരി ടി.വി.എസ് ജംഗ്ഷനിലെ നിപ്പോണ്‍ ഷോറൂമിന് മുന്‍വശത്തുളള സ്ഥലത്താണ് റിന്യൂവബിള്‍ പാര്‍ക്ക് ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുളള ആദ്യ മാതൃകകളില്‍ ഒന്നാണിത്.
മാലിന്യസംസ്‌ക്കരണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാന്‍ അനുയോജ്യമായ ഉള്ളടക്കത്തില്‍ ചിത്രകഥാ രൂപത്തിലുള്ള പുസ്തകങ്ങള്‍ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്യും. രണ്ടു മാസം കൂടുമ്പോള്‍ പരിസര ശുചീകരണത്തിനായി ജനപങ്കാളിത്തത്തോടെ തുടര്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കും. മാലിന്യം സ്ഥിരമായി തള്ളുന്ന കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. ഓരോ വാര്‍ഡും വൃത്തിയായി സൂക്ഷിക്കുന്നതിന് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി ഗ്ലാസ് കോളനി, ഏലൂര്‍ പ്രാഥമിക ആരോഗ്യത്തിന് സമീപം, കരുമാല്ലൂര്‍ ഷാപ്പുപടി, ആലങ്ങാട് പഴന്തോട്, കരിങ്ങാംതുരുത്ത് ആശുപത്രിക്ക് സമീപം, ഏലൂര്‍ സതേണ്‍ ഗ്യാസ് റോഡ്, മുപ്പത്തടം ചവറ പൈപ്പിന് മുന്‍വശം, കെ.എസ്.ഇ.ബിക്ക് മുന്‍വശം, കടവ്, കുന്നുകര ചാലാക്ക പാലത്തിന് സമീപം എന്നിവിടങ്ങളിലാണ് പൊതുവിശ്രമ കേന്ദ്രങ്ങള്‍, ഓപ്പണ്‍ ജിം എന്നിവ സ്ഥാപിക്കുന്നത്.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കളമശേരി വാര്‍ഡ് 15 കുഴിക്കാല, കുന്നുകര ചാലാക്ക പാലത്തിന് സമീപം, കരുമാലൂര്‍ വാര്‍ഡ് അഞ്ച് കാരുചിറ, ആലങ്ങാട്, കടുങ്ങല്ലൂര്‍ മനക്കപ്പടി ബസ് സ്റ്റോപ്പ്, ഏലൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. ഏലൂര്‍ ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.ഡി സുജില്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.