ഇസ്മായിലിന്റെ പ്രസ്താവന ജാഗ്രതക്കുറവോ നാക്കുപിഴവോ ആകാം -പ്രകാശ് ബാബു
text_fieldsതിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ തുടർന്നുണ്ടായ സി.പി.എം-സി.പി.െഎ പോർവിളിയും സി.പി.െഎയിലെ ചേരിതിരിവും രൂക്ഷമായി. സി.പി.എം സെക്രേട്ടറിയറ്റ് തൽക്കാലിക വെടിനിർത്തലിന് തീരുമാനിച്ചെങ്കിലും പ്രശ്നം അവസാനിച്ചില്ല. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം സി.പി.െഎക്കെതിരെ നടത്തിയ രൂക്ഷ വിമർശനം അടുത്തൊന്നും പ്രശ്നം അവസാനിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. തോമസ് ചാണ്ടിയുടെ രാജി സി.പി.ഐക്കുള്ളിലും ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മടങ്ങിയെത്തുന്നതുവരെ പരസ്യപ്രതികരണം വേണ്ടെന്നാണ് സി.പി.െഎ നിലപാട്. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ സി.പി.എം, സി.പി.െഎ പ്രവർത്തകർ തമ്മിലുള്ള വാക്യുദ്ധം തുടരുകയാണ്.
മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണങ്ങൾ മണ്ഡലം സമ്മേളനങ്ങളിൽ വിശദീകരിക്കാൻ സി.പി.െഎ തീരുമാനിച്ചപ്പോൾ ഏരിയ സമ്മേളനങ്ങളിൽ സി.പി.െഎക്കെതിരെ ആഞ്ഞടിക്കാനാണ് സി.പി.എം നീക്കം. അതിെൻറ ഭാഗമായാണ് ആനത്തലവട്ടം ആനന്ദെൻറ പരസ്യപ്രസ്താവന. എന്നാൽ, ഇതിന് സി.പി.െഎ നേതൃത്വത്തിൽനിന്ന് മറുപടിയുണ്ടായിട്ടില്ല. ഗൾഫ് സന്ദർശനം നടത്തുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഞായറാഴ്ച മടങ്ങിയെത്തും. അതിനുശേഷം മതി തുടർനടപടിയെന്നാണ് സി.പി.െഎ നിലപാട്.
അതിനിടെ, ദേശീയ നിർവാഹകസമിതിയംഗം കെ.ഇ. ഇസ്മായിലിെൻറ പ്രസ്താവന സി.പി.െഎക്കുള്ളിൽ ചേരിതിരിവ് രൂക്ഷമാക്കിയിരിക്കുകയാണ്. തോമസ് ചാണ്ടിയുടെ രാജിക്ക് സ്വാഭാവിക സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്നും മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം എല്ലാ നേതാക്കളും അറിഞ്ഞുകാണില്ലെന്നും ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നുമുള്ള ഇസ്മായിലിെൻറ പ്രതികരണമാണ് വിവാദമായത്. പ്രസ്താവനക്കെതിരെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ്ബാബു രൂക്ഷ വിമർശനമാണ് നടത്തിയത്. സംസ്ഥാനത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവും ആർജവവും സംസ്ഥാന നേതൃത്വത്തിനുണ്ടെന്ന പ്രകാശ് ബാബുവിെൻറ പ്രസ്താവന സി.പി.െഎക്കുള്ളിലെ ചേരിതിരിവ് വ്യക്തമാക്കുന്നതാണ്.
മുമ്പ് ദേശീയ നിർവാഹകസമിതി അംഗമായ ബിനോയ് വിശ്വം തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ നടത്തിയ പരസ്യപ്രസ്താവനയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചതും കൂട്ടിവായിച്ചാൽ സി.പി.െഎക്കുള്ളിൽ വിഭാഗീയത ഉണ്ടെന്നുതന്നെയാണ് വ്യക്തമാകുന്നത്. ഇസ്മായിലിെൻറ പ്രസ്താവന ജാഗ്രതക്കുറവോ നാക്കുപിഴവോ ആകാമെന്നും പ്രശ്നം 22ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവിൽ ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇൗമാസം 22നാകും അടുത്ത മന്ത്രിസഭ യോഗം ചേരുക. സി.പി.എം-സി.പി.െഎ പോർവിളിക്ക് പരിസമാപ്തിയുണ്ടാകുമോയെന്ന് അന്നേ അറിയാൻ കഴിയൂ. കാനം മടങ്ങിയെത്തിയാൽ സി.പി.എം-സി.പി.െഎ ഉഭയകക്ഷി ചർച്ചക്കും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ പ്രതിപക്ഷത്തിന് കൂടുതൽ സഹായകമാകുമെന്ന വിലയിരുത്തൽ മുന്നണി നേതൃത്വത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.