‘തൃശൂരിൽ ബി.ജെ.പിയെ സഹായിക്കണമെന്ന് ജാവ്ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു, വൈദേകം പറഞ്ഞപ്പോൾ ഇ.പി വയലന്റായി’ -ദല്ലാൾ നന്ദകുമാർ
text_fieldsകൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജവ്ദേക്കറുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആക്കുളത്തെ മകന്റെ ഫ്ലാറ്റിൽ വെച്ച് ചർച്ച നടത്തിയതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. 2023 മാർച്ച് അഞ്ചിനാണ് താൻ ഇടനിലക്കാരനായി ഇരുവരും ആക്കുളത്തെ രാജുവിന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നന്ദകുമാർ പറഞ്ഞു.
‘തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ജാവ്ദേക്കർ കാണാനെത്തിയത്. അവിടെ ദുർബലനായ സ്ഥാനാർഥിയെ നിർത്തണമെന്നാവശ്യപ്പെട്ടു. എന്നാൽ, ഇത് സി.പി.ഐയുടെ സീറ്റാണെന്ന് ഇ.പി മറുപടി നൽകി. അല്ലാതെ ഇ.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടില്ല’ -നന്ദകുമാർ പറഞ്ഞു.
‘ഞങ്ങളെ അകത്തേക്ക് കയറ്റി അദ്ദേഹം നമസ്കാരം പറഞ്ഞു. കുട്ടിക്ക് പിറന്നാൾ ഗിഫ്റ്റ് കൊടുത്തു. ജാവ്ദേക്കർ സംസാരം സ്റ്റാർട്ട് ചെയ്തു. ഐപാഡ് എടുത്ത് സുധാകരനെ കൂട്ടിമുട്ടിയ രംഗങ്ങൾ കാണിച്ചു. മുരളീധരനെയും ചെന്നിത്തലയെയും അപ്രോച്ച് ചെയ്തതും കുഞ്ഞാലിക്കുട്ടിയെ ശോഭ കണ്ടതും പറഞ്ഞു. ഇതൊന്നും സക്സസായില്ലെന്നും എൽ.ഡി.എഫിന്റെ സഹായം വേണമെന്നും പറഞ്ഞു. കേരളത്തിൽ ജയിക്കാൻ ഹിന്ദുത്വ വേണമെന്നും ജാവ്ദേക്കർ പറഞ്ഞു. ലാവ്‍ലിൻ കേസിലും കരുവന്നൂർ കേസിലും ഇടപെടാമെന്ന് വാഗ്ദാനം ചെയ്തു. ഒടുവിൽ ഇ.പി. ജയരാജന്റെ മകനും ഭാര്യക്കും പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിന്റെ കാര്യം പറഞ്ഞപ്പോൾ ഇ.പി വയലന്റായി. അതേക്കുറിച്ച് പറയേണ്ട എന്ന് പറഞ്ഞു. അതിൽ തനിക്ക് പങ്കില്ലെന്നും മകനും ഭാര്യക്കുമാണ് പങ്കെന്നും അത് അക്കൗണ്ടഡാണെന്നും ഇ.പി പറഞ്ഞു’-നന്ദകുമാർ പറഞ്ഞു.
കെ. സുധാകരനും ശോഭ സുരേന്ദ്രനും തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും പാലാരിവട്ടം പൊലീസിനും പരാതി നല്‍കിയതായും നന്ദകുമാർ പറഞ്ഞു.
അതേസമയം, മകന്റെ കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ ഫ്ലാറ്റിൽ പോയപ്പോഴാണ് ജാവ്ദേക്കർ വന്നതെന്നും രാഷ്ട്രീയകാര്യം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നുമായിരുന്നു കൂടിക്കാഴ്ചയെ കുറിച്ച് ഇ.പി നേരത്തെ പ്രതികരിച്ചത്.
‘മകന്റെ കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാനാണ് ഞാൻ ഫ്ലാറ്റിൽ പോയത്. കുറച്ചു കഴിഞ്ഞപ്പോൾ ജാവ്ദേക്കർ കയറിവന്നു. ഒരാൾ വീട്ടിൽ കയറി വരുമ്പോൾ ഇറങ്ങിപോകാൻ പറയാൻ കഴിയില്ലല്ലോ. ഹൈവേ വഴി പോകുമ്പോൾ അടുത്തുള്ള ഫ്ലാറ്റിലെത്തി കണ്ടുപരിചയപ്പെടാമെന്ന് കരുതി വന്നു എന്നാണ് ജാവഡേക്കർ പറഞ്ഞത്. നന്ദകുമാറും ഒപ്പമുണ്ടായിരുന്നു. അതിനു മുന്‍പ് ജാവഡേക്കറെ ഞാൻ കണ്ടിട്ടില്ല. മീറ്റിങ് ഉള്ളതിനാൽ ഇറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. മകനോട് ചായ കൊടുക്കാൻ പറഞ്ഞു. ഞങ്ങളും ഇറങ്ങുകയാണെന്നു പറഞ്ഞ് അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. കാണാൻ വരുന്നവരുടെയെല്ലാം കാര്യം പാർട്ടിയെ അറിയിക്കാൻ കഴിയുമോ?’ -ഇ.പി. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.