ജാവ്ദേക്കറിനെ ഇ.പി കണ്ടതിനെ കുറിച്ചല്ല, കണ്ടത് പുറത്തറിയിച്ചതിനെ കുറിച്ചാണ് പിണറായി പറഞ്ഞത് -എം.കെ മുനീർ
text_fieldsകോഴിക്കോട്: ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടായി എന്ന് പിണറായി വിജയൻ പറഞ്ഞത് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ. ജാവ്ദേക്കർ-ഇ.പി കൂടിക്കാഴ്ച പുറത്തറിയിച്ചതിനെ കുറിച്ചാണ് പിണറായി പറഞ്ഞതെന്നും അടുത്ത തവണ കൂടിക്കാഴ്ച നടന്നാൽ അത് പുറത്തറിയിക്കരുത് എന്ന മുന്നറിയിപ്പാണ് അദ്ദേഹം ജയരാജന് നൽകിയതെന്നും മുനീർ പറഞ്ഞു.
ഇരുവരും തമ്മിലുള്ള ചർച്ച അടഞ്ഞ അധ്യായമല്ല. നേരത്തേ നടന്ന കൂടിക്കാഴ്ചയായതുകൊണ്ടാണ് അത് കഴിഞ്ഞ സംഭവമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ജാവ്ദേക്കറെ കണ്ടെന്ന് ആദ്യമായി മാധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞത് ഇ.പി. ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി. ജയരാജനും എന്തിന് ജാവ്ദേക്കറെ കണ്ടു എന്നതിന് ഉത്തരം പറയണം. ജാവ്ദേക്കറെ കണ്ടതിന്റെ പേരിൽ ഇ.പിയെ പുറത്താക്കിയാൽ മറ്റു പല കാര്യങ്ങളും പുറത്ത് വരുമെന്നും അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും എം.കെ. മുനീർ മീഡിയവണിനോട് പറഞ്ഞു.
വടകരയിൽ വർഗീയ ധ്രുവീകരണം നടത്തിയത് സി.പി.എമ്മാണെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിൽ വടകരയിൽ വന്നിറങ്ങിയതു മുതൽ സി.പി.എം ഈ അക്രമണം തുടങ്ങിയിരുന്നു. സ്വീകരണത്തിൽ ലീഗിന്റെ കൊടി ഉയർത്തിയ ചിത്രമെടുത്ത് ‘ഇതെന്താ പാകിസ്താനാണോ’ എന്ന കുറിപ്പോടെ സി.പി.എം സൈബർ ടീം പ്രചാരണം നടത്തി. പരാജയം ഉണ്ടാവുമെന്നറിയുന്നതിനാൽ കോൺഗ്രസ് വർഗീയമായാണ് ജയിച്ചതെന്ന് കാണിക്കാനാണ് സി.പി.എം ശ്രമം -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.