ജി.ഡി.പി മാത്രം അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അളക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട്
text_fieldsതിരുവനന്തപുരം: മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) മാത്രം അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അളക്കാനാവില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിലെ ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും സാമ്പത്തിക വളര്‍ച്ചക്ക് അടിത്തറ പാക്കിയതായി 'ക്ഷേമവും വളര്‍ച്ചയും: ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകള്‍' എന്ന വിഷയത്തില്‍ മാസ്‌കോട് ഹോട്ടലില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദഹേം.
രാജ്യത്തെ 40 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കൈയിലാണ്. സാമൂഹ്യക്ഷേമത്തില്‍ ഊന്നിയുള്ള സാമ്പത്തിക വളര്‍ച്ച എന്ന കേരള മോഡല്‍ വികസനം ഏറെ പ്രശംസയര്‍ഹിക്കുന്നു. വികസന രംഗത്ത് മുന്നോട്ടു പോവാന്‍ സംസ്ഥാനത്തെ കാര്‍ഷിക, പൊതുവിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളും അധികാര വികേന്ദ്രീകരണ മേഖലയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മികച്ച മുന്നേറ്റം കൈവരിക്കാനായാല്‍ സ്വയം തന്നെ നാടിന്റെ വളര്‍ച്ച ത്വരിതപ്പെടുമെന്ന് മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ചെയര്‍മാനും ആര്‍.ബി.ഐ മുന്‍ ഗവര്‍ണറുമായ സി. രംഗരാജന്‍ പറഞ്ഞു.
കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ കാര്യത്തിലും തൊഴില്‍ ഉറപ്പു വരുത്തുന്ന കാര്യത്തിലും കേരളം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു സർവകലാശാലയിലെ മുന്‍ പ്രഫസറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ പ്രഭാത് പട്‌നായിക് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മത നിരപേക്ഷതയും ജനങ്ങളുടെ സൗഹാര്‍ദവും അട്ടിമറിക്കുകയാണെന്നും ഇതു രാജ്യത്തിന്റെ വികസനത്തിനു തുരങ്കം വെക്കുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ അണിനിരക്കേണ്ടതുണ്ടെന്നും അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രഫ. വെങ്കിടേഷ് ആത്രേയ, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ സി. വീരാമണി തുടങ്ങിയവരും പാനലിസ്റ്റുകളായിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഫ. വി.കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ പുനീത് കുമാര്‍ വിഷയാവതരണംനടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.