വിനീതക്ക് ഒപ്പം തുഴയാൻ ഇനി പ്രമോദില്ല
text_fieldsപ്രമോദ് വീട്ടിൽനിന്ന് പോകുന്നതിനുമുമ്പ് ഭാര്യ വിനീതയോടും മകൻ കാശിനാഥനോടും ഒപ്പമെടുത്ത സെൽഫി
കുട്ടനാട്: ജീവിതയാത്രയിൽ ഒരുമിച്ച് തുഴയാൻ വിനീതക്ക് കൂട്ടായി ഇനി പ്രമോദില്ല. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴ കേന്ദ്രത്തിലെ തുഴച്ചിൽകാരായിരിക്കെ ജീവിതത്തിൽ ഒന്നായവരാണ് ഇരുവരും.
കോവിഡ് ബാധിച്ച് ഗോവയിൽ മരിച്ച നാവികൻ പ്രമോദ് (26) കയാക്കിങ് കനോയിങ് വിഭാഗത്തിലെ തുഴച്ചിൽകാരനായിരുന്നു. നേവിയിൽ ജോലിക്ക് കയറിയയുടൻ എതിർപ്പുകൾ അവഗണിച്ചാണ് സഹതുഴച്ചിലുകാരിയായ ചമ്പക്കുളം സ്വദേശി വിനീതയെ (22) രജിസ്റ്റർ വിവാഹം ചെയ്തത്. പുളിങ്കുന്ന് സ്വദേശിയായ പ്രമോദ്, തുടർന്ന് സഹോദരൻ താമസിക്കുന്ന ആര്യാട് വീടെടുത്ത് മാറുകയായിരുന്നു.
ഒമ്പതുമാസംമുമ്പാണ് ഗോവ കാർവറിൽ പെറ്റി ഓഫിസറായ പ്രമോദ് വീട്ടിൽനിന്ന് പോയത്. കഴിഞ്ഞമാസം 14 ദിവസം ക്വാറൻറീനിലിരുന്നു.
പിന്നീട് ജോലിക്കിടെ മഴനനഞ്ഞ് ചെറിയ പനി പിടിച്ചെന്നും ശാരീരിക അസ്വസ്ഥതകൾ കൂടുന്നുവെന്നും വിനീതയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഇതിനിടെ, ശനിയാഴ്ച പ്രമോദിന് രോഗം മൂർച്ഛിച്ചെന്ന് സഹോദരൻ പ്രവീണിെന സുഹൃത്തുക്കൾ വിളിച്ചറിയിച്ചു.
ഞായറാഴ്ച വൈകീട്ട് സുഹൃത്ത് ഹുസൈനോടൊപ്പം വിനീതയുമായി പ്രവീൺ കാറിൽ പ്രമോദിെൻറ അടുക്കലേക്ക് തിരിച്ചു. എന്നാൽ, എടപ്പാൾ എത്തിയപ്പോൾ പ്രമോദ് മരിെച്ചന്ന വിവരമാണ് പ്രവീണിന് ലഭിച്ചത്. അസുഖം കൂടിയതിനാൽ പ്രമോദിനെ ആലപ്പുഴയിലേക്ക് എത്തിക്കുകയാണെന്ന് മാത്രമാണ് വിനീതയോട് പറഞ്ഞത്.
തിരിച്ചുവരുന്നതിനിടെ പ്രമോദിെൻറ സുഹൃത്തിെൻറ വാട്സ്ആപ് സ്റ്റാറ്റസ് കണ്ട് വിനീത കാറിൽ അലറി വിളിച്ചു. നിജസ്ഥിതി അറിയാതെ സ്റ്റാറ്റസ് ഇട്ടതാണെന്നും കാര്യങ്ങൾ പറഞ്ഞുകൊടുെത്തന്നും പറഞ്ഞപ്പോൾ സ്റ്റാറ്റസ് അപ്രത്യക്ഷമായി.
പിന്നീട് വിനീത പ്രാർഥിക്കുകയായിരുന്നു ആ സ്റ്റാറ്റസ് ശരിയാകരുതേയെന്ന്. പ്രമോദ് മരിച്ച കാര്യം തിങ്കളാഴ്ച ഉച്ചവരെ ബന്ധുക്കൾ വിനീതയിൽനിന്ന് മറച്ചുവെച്ചു. പ്രമോദ് ഇനി വരില്ലെന്ന് പിന്നീട് അറിഞ്ഞതോടെ രണ്ട് വയസ്സുകാരൻ കാശിനാഥിനെ കെട്ടിപ്പിടിച്ച് അവർ അലറിക്കരഞ്ഞു. പ്രമോദിനെ അവസാനമായി കാണണമെന്ന വിനീതയുടെ ആവശ്യം നാവികസേന അംഗീകരിച്ചു.
വീട്ടുവളപ്പിൽ നാലരയോടെ മൃതദേഹം എത്തിച്ചു. പ്രമോദിന് കോവിഡായതിനാൽ അമ്മക്കും വിനീതക്കും മാത്രമാണ് സുരക്ഷാ മാനദണ്ഡത്തിൽ കാണാൻ അവസരം ഒരുക്കിയത്. ഒമ്പതുമാസം മുമ്പ് വാങ്ങിയ വീടിെൻറ രജിസ്ട്രേഷൻ പൂർത്തിയാകാത്തതിനാൽ അതിൽ താമസിക്കണമെന്ന ആഗ്രഹം പ്രമോദിന് നടക്കാതെപോയി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.