പ്രാണപ്രതിഷ്ഠ: സംഘ്പരിവാർ ലക്ഷ്യം തുടർഭരണം - പി. മുജീബ് റഹ്മാൻ
text_fieldsകൊല്ലം: കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത് നടപ്പാക്കപ്പെടുന്ന പ്രാണപ്രതിഷ്ഠയിലൂടെ തെരഞ്ഞെടുപ്പ് വിജയവും തുടർഭരണവുമാണ് സംഘ്പരിവാർ ലക്ഷ്യംവെക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ.
ഇന്ത്യൻ ഭരണഘടനയെയാണ് സംഘ്പരിവാർ വെല്ലുവിളിക്കുന്നത്. ഇന്ത്യയുടെതന്നെ തകർച്ചയിലേക്കാണ് അവർ രാജ്യത്തെ കൊണ്ടുപോകുന്നത്.
മതമോ ആത്മീയതയോ അല്ല, തികഞ്ഞ രാഷ്ട്രീയ കുബുദ്ധിയാണ് രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ സംരക്ഷിച്ചുനിലനിർത്തിപ്പോന്ന ബഹുസ്വരത, മാനവിക ഐക്യം, പരസ്പരസ്നേഹം, സാഹോദര്യം എന്നീ മാനവിക മൂല്യങ്ങളെയെല്ലാം കാറ്റിൽപറത്തി ഒരു പ്രത്യേക മതവിഭാഗത്തിനുവേണ്ടി സർക്കാർ ചെലവിൽ ആരാധനാലയം നിർമിച്ച് തുറന്നുകൊടുക്കുന്ന നിലപാട് സ്വേച്ഛാധിപത്യപരമാണ്. ഇതിനെതിരെ രചനാത്മകമായ മാർഗങ്ങളിലൂടെ പ്രതികരിക്കുന്ന സമാധാനപ്രേമികളെ ഭീകരമുദ്ര ചാർത്തി തടവറയിൽ തള്ളുന്ന സമീപനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അബ്ദുൽ വാഹിദ് നദ്വി അധ്യക്ഷത വഹിച്ചു.
മേഖല പ്രസിഡന്റ് എ.എസ്. നൂറുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി അനീഷ് യൂസുഫ്, ജില്ല സമിതിയംഗം ഇ.കെ. സിറാജ്, എസ്. ശരീഫ്, വനിതവിഭാഗം ജില്ല പ്രസിഡന്റ് കെ.കെ. ആരിഫ, സെക്രട്ടറി അസീമ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് അഹ്മദ് യാസർ, സെക്രട്ടറി ഫാസിൽ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അബീദ് റഹ്മാൻ, സെക്രട്ടറി ഷാഹുൽ ഹമീദ്, ജി.ഐ.ഒ ജില്ല പ്രസിഡന്റ് അമാന കബീർ, സെക്രട്ടറി സഫാ ഷെരീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.