ബിനാലെയില്‍ തെളിയുന്നത് മതേതര മനോഭാവം -രാഷ്ട്രപതി
text_fieldsകൊച്ചി: കേരളത്തിന്‍െറ മതേതര മനോഭാവമാണ് കൊച്ചി-മുസ്രിസ് ബിനാലെയില്‍ തെളിയുന്നതെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. മതേതരത്വവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന സംസ്കാരമാണ് രാജ്യത്തിന്‍െറ കരുത്ത്. കേരളത്തിന്‍െറ സാംസ്കാരിക പൈതൃകം രാജ്യത്തിനുള്ള സന്ദേശമാണ്. ‘സുസ്ഥിര സാംസ്കാരികനിര്‍മിതി’ വിഷയത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ബിനാലെപോലെ സംരംഭങ്ങള്‍ രാജ്യത്തിന് അനുകരണീയ മാതൃകയാണ്. സമകാലീന ലോകത്തെ പ്രശ്നങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിന് കലയെപോലെ പ്രാധാന്യമുള്ള മറ്റൊന്നില്ല. ചരിത്രമുറങ്ങുന്ന മണ്ണില്‍ സംസ്ഥാന സര്‍ക്കാറിന്‍െറയും പൊതുജനങ്ങളുടെയും പിന്തുണയോടെ നടത്തുന്ന ബിനാലെയിലൂടെ കേരളത്തിന്‍െറ കലാസൗഹൃദമാണ് വെളിപ്പെടുന്നത്. കലാസാംസ്കാരിക ലോകത്ത് കേരളം പിന്തുടരുന്ന മതേതര കാഴ്ചപ്പാട് പ്രസിദ്ധമാണ്.
ഇതിന്‍െറ ഉദാത്ത പ്രതീകമാണ് ഐക്യവും സമഭാവനയും കളിയാടുന്ന ബിനാലെ. സംസ്കാരത്തെ ബഹുമാനിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സാസ്കാരിക വളര്‍ച്ചയുടെ അവിഭാജ്യഘടകമാണ്. മതേതരത്വം അര്‍ഥവത്താക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളം അഭിനന്ദനം അര്‍ഹിക്കുന്നെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്‍െറ സ്വന്തം നാടിനെ കലാലോകത്തെ സ്വര്‍ഗമാക്കി ബിനാലെ മാറ്റിയെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു.
രാജ്യത്തിനകത്തേക്കും പുറത്തേക്കും കലയെ സ്വതന്ത്രമായി പ്രവഹിപ്പിക്കുന്ന സ്ഥാപനമാണ് കൊച്ചി ബിനാലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ബിനാലെക്ക് സ്ഥിരം വേദി നല്‍കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയും ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമുവും രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.