'പ്രാണവായു'വിന് പൊതുജനത്തോട് സഹായം തേടി മലപ്പുറം കലക്ടർ; മലപ്പുറത്തുകാർക്ക് സർക്കാർ പണം പുളിക്കുമോന്ന് നെറ്റിസൺസ്
text_fieldsമലപ്പുറം: സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ച 'പ്രാണവായു' പദ്ധതിയെ പരിഹസിച്ച് നെറ്റിസൺസ്. ജനങ്ങളിൽ നിന്ന് പണം സമാഹരിച്ച് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. മലപ്പുറത്തു മാത്രമാണ് പൊതു സൗകര്യങ്ങൾ വർധിപ്പിക്കാൻ ജനങ്ങളിൽ നിന്ന് പണം സമാഹരിക്കുന്നതെന്നും മറ്റു ജില്ലകളിലെല്ലാം സർക്കാർ പണം ഉപയോഗിച്ചാണ് സൗകര്യങ്ങൾ ഒരുക്കുന്നതെന്നും കലക്ടറുടെ ഫേസ്ബുക്ക് പേജിൽ പലരും ചൂണ്ടികാട്ടി.
'പ്രാണവായു' പദ്ധതി പ്രഖ്യാപിച്ചുള്ള കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വിമർശനങ്ങൾ നിറയുന്നത്. ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കാൻ പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കുമെന്നാണ് കലക്ടർ അറിയിച്ചത്.
ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്റെര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിൽ ഒരുക്കുന്ന ഉപകരണങ്ങള്‍.
പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിനായി ഉറപ്പാക്കുമെന്നും കലക്ടർ പറയുന്നു. പ്രാണവായു പദ്ധതിയിലേക്ക് പണം കൈമാറാനുള്ള അക്കൗണ്ട് വിശദാംശങ്ങളും കലകട്ർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ, രൂക്ഷ പരിഹാസവും വിമർശനവുമായാണ് പലരും കലക്ടറുടെ പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. 'മലപ്പുറത്തിന് എന്തേ സർക്കാർ ഫണ്ട് പുളിക്കുമോ? മലപ്പുറം മോഡൽ എന്ന് ഓമനപ്പേരിട്ട് ജനങ്ങളെ പിഴിയുന്ന ഈ ഉഡായിപ്പ് നിർത്തി സർക്കാർ ഫണ്ട് അനുവദിക്കണം' -ഇങ്ങിനെയാണ് ഒരാളുടെ കമന്‍റ്.
ജില്ലാ ആശുപത്രിക്കും മെഡിക്കൽ കോളജിനുമെല്ലാം ജനങ്ങളിൽ നിന്ന് പിരിവെടുത്തത് ഒാർമിപ്പിച്ച പലരും കലക്ടറും ജനപ്രതിനിധികളും പിരിവുകാരല്ലെന്നും സർക്കാർ ഫണ്ടുപയോഗിച്ചാണ് വികസനം നടപ്പാക്കേണ്ടതെന്നും ചൂണ്ടികാട്ടുന്നുണ്ട്.
വാക്സിൻ വിതരണത്തിൽ ജില്ലയോടുള്ള അവഗണനയും പലരും ചൂണ്ടികാട്ടുന്നു. മലപ്പുറത്ത് കോവിഡ് നിയന്ത്രിക്കാൻ പൊലീസ് രാജും ലോക്ഡൗണും മാത്രമാണുള്ളതെന്നും ആവശ്യത്തിന് വാക്സിൻ ഇല്ലെന്നും അതിനും പൊതുജനങ്ങൾ മുന്നിട്ടിറങ്ങേണ്ടി വരുമോയെന്നും നെറ്റിസൺസ് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.