'ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ'... വിസ്മൃതിയിലേക്ക്
text_fieldsആലപ്പുഴ: 'ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ...' റേഡിയോയിലൂടെ 1971 മുതൽ കേരളത്തിലെ ശ്രോതാക്കൾ കേട്ടുശീലിച്ച ഈ സ്വരം വിസ്മൃതിയിലേക്ക്. ആലപ്പുഴ നിലയത്തിൽനിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം നിർത്തലാക്കി പ്രസാർ ഭാരതി ഉത്തരവിറക്കി.
200 കിലോവാട്ട് പ്രസാരണിയുടെ പ്രവർത്തനം അവസാനിപ്പിച്ച് യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദേശം. ഇതോടെ ആലപ്പുഴയുടെയും മലയാളികളുടെയും ചരിത്രമാണ് ഇല്ലാതാകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർവരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലി വരെയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിെൻറ സംപ്രേഷണ പരിധി.
വയലും വീടും, കണ്ടതും കേട്ടതും, തൊഴിലാളി മണ്ഡലം, മഹിളാലയം, യുവവാണി, ബാലലോകം, വിദ്യാഭ്യാസ പരിപാടി, കൃഷിപാഠം, കമ്പോളനിലവാരം, പ്രഭാതഭേരി, സഞ്ചരിക്കുന്ന മൈക്രോഫോൺ, ഡോക്ടറോട് ചോദിക്കാം, പ്രഭാഷണങ്ങൾ, ചർച്ചകൾ, ലളിതസംഗീതപാഠം, കർണാടക സംഗീതപാഠം, കഥാവേള, കാവ്യാഞ്ജലി, കവിസമ്മേളനം, നാടകോത്സവം, സംഗീതോത്സവം, കഥാപ്രസംഗം, നാടൻ പാട്ടുകൾ, വാർത്തബുള്ളറ്റിനുകൾ, ദൃക്സാക്ഷിവിവരണം, ശബ്ദരേഖ, തമിഴ് ശൊൽമാലൈ, കുറിഞ്ചിമലർ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇനി ഓർമയാകുക.
സ്വന്തം പരിപാടികൾ ഇല്ലാത്ത ആലപ്പുഴ നിലയം തിരുവനന്തപുരം നിലയത്തിൽനിന്നുള്ള പരിപാടികളാണ് റിലേ ചെയ്തിരുന്നത്. ഇനി ആലപ്പുഴയിലെ എഫ്.എം നിലയത്തിനു ചെറിയ ചുറ്റളവിൽ മാത്രമേ പരിപാടി നടത്താൻ കഴിയൂ. അടച്ചുപൂട്ടലിൽ വിവിധകോണുകളിൽനിന്ന് വ്യാപക പ്രതിഷേധമുണ്ട്.
ഉത്തരവ് ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു
ആലപ്പുഴ: ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണനിലയം അടിയന്തരമായി അടച്ചുപൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേക്ക് മരവിപ്പിച്ച് ഉത്തരവ് ലഭിച്ചതായി എ.എം. ആരിഫ് എം.പി അറിയിച്ചു.
കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ പ്രസാരണിയിൽ സന്ദർശനം നടത്തി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറുമായും പ്രസാർഭാരതി സി.ഇ.ഒ ശശി ശേഖറുമായും ടെലിഫോണിൽ ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചതോടെയാണ് നടപടി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അേദ്ദഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.