സുരേന്ദ്രൻ ജാനുവിനുള്ള 25 ലക്ഷം കൊണ്ടുവന്നത് തുണി സഞ്ചിയിൽ; മുകളിൽ പൂജിച്ച പഴങ്ങൾ -പ്രസീത
text_fieldsകണ്ണൂർ: ജെ.ആർ.പി നേതാവ് സി.കെ. ജാനുവിന് ബി.ജെ.പി പണം നൽകിയത് ആർ.എസ്.എസ് അറിവോടെയെന്ന് വിവരിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടും തമ്മിലുള്ള ഒരു മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്.
പണം ഏർപ്പാട് ചെയ്തത് ആർ.എസ്.എസ് ഒാർഗനൈസിങ് സെക്രട്ടറി എം. ഗണേശനാണെന്ന് സുരേന്ദ്രൻ സംഭാഷണത്തിൽ പറയുന്നുണ്ട്. ജെ.ആർ.പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും വിവരിക്കുന്നുണ്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പ്രസീതയുടെ മൊഴിയെടുത്തിരുന്നു.
സുൽത്താൻ ബത്തേരിയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം സി.കെ. ജാനു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ജെ.ആർ.പിയാണ് സംഘടിപ്പിച്ചിരുന്നത്. ജെ.ആർ.പി പ്രചാരണ ചെലവുകൾക്കായി പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരത്തെത്തി സുരേന്ദ്രനുമായി ജെ.ആർ.പി നേതാക്കൾ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് ഗണേശൻ വഴി സുൽത്താൻ ബത്തേരിയിൽ പണം എത്തിച്ചുകൊടുത്തതെന്നായിരുന്നു പ്രസീത ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
മാർച്ച് 26ന് ബത്തേരിയിലെ ഒരു ഹോം സ്റ്റേയിൽ വെച്ച് ബി.ജെ.പി ജില്ല സെക്രട്ടറി പ്രശാന്ത് മലവയലാണ് സി.കെ. ജാനുവിന് പണം കൈമാറിയത്. പൂജാ സാധനങ്ങളെന്ന് തോന്നിക്കുന്ന തരത്തിൽ കാവിത്തുണിയിൽ പൊതിഞ്ഞാണ് പണമെത്തിച്ചത്. ജെ.ആർ.പിക്ക് എന്നുപറഞ്ഞാണ് ബി.ജെ.പി നേതൃത്വം ജാനുവിന് പണം കൈമാറിയത്. എന്നാൽ, ജാനു ഈ പണം ജെ.ആർ.പി നേതാക്കൾക്ക് നൽകിയില്ലെന്നാണ് പ്രസീത ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
പണം കൂടുതലും ജാനു വ്യക്തിപരമായാണ് ചെലവഴിച്ചത്. ജെ.ആർ.പിക്ക് പണം കിട്ടിയില്ല. ആദിവാസികൾക്ക് വിതരണം ചെയ്യാനാണ് പണമെന്നാണ് ജാനു തങ്ങളോട് പറഞ്ഞതെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.