പ്രവീണിന്റെ മോചനത്തിന് ഇനി കൈയെത്തും ദൂരം
text_fieldsപത്തനാപുരം: ഒരു ദേശം മുഴുവൻ നടത്തിയ പ്രാർഥനയും കണ്ണീരും ഫലം കണ്ടു. മലയോരനാടിെൻറ മാനസപുത്രൻ പ്രവീണിെൻറ മോചനത്തിന് ഇനി കൈയെത്തും ദൂരം. ചെയ്യാത്ത തെറ്റിന് കെനിയയിൽ ജയിലിൽശിക്ഷ അനുഭവിക്കുകയാണ് പുന്നല കറവൂർ പ്രഭാവിലാസത്തിൽ പ്രഭാകരൻ നായർ-ദേവയാനി ദമ്പതികളുടെ മകൻ ഇരുപത്തിയഞ്ചുകാരനായ പ്രവീൺ. രണ്ടരവർഷത്തിലധികമായി കെനിയയിലെ ഇരുട്ടറയിൽ കഴിയുന്ന പ്രവീണിെൻറ ദുരവസ്ഥയും കുടുംബങ്ങളുടെ നിസ്സഹായതയും ‘മാധ്യമം’ ആണ് പുറംലോകത്തെത്തിച്ചത്. കെനിയയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിെൻറയും മലയാളി അസോസിയേഷെൻറയും ഇടപെടലുകളാണ് മോചനത്തിന് വഴിതെളിച്ചത്. ദോഹയിലെ പ്രമുഖ മലയാളി അഭിഭാഷകൻ നിസാർ കോച്ചേരി വഴിയാണ് കെനിയയുമായി അസോസിയേഷൻ ബന്ധപ്പെട്ടത്.
2013ൽ പരിശീലനത്തിനായി ഡൽഹിയിലെ ഷിപ്പിങ് കമ്പനിയിൽ എത്തിയതാണ് പ്രവീൺ. 2014ൽ കപ്പൽ പാകിസ്താൻ കമ്പനിക്ക് വിറ്റു. ഫെബ്രുവരിയിൽ കപ്പൽ ഇറാനിൽ നിന്ന് ഷാർജയിലേക്ക് സിമൻറുമായി പോകുന്നതിനിടെ കെനിയൻ സമുദ്രനിയന്ത്രണസേന കപ്പലിൽ മയക്കുമരുന്ന് കണ്ടെത്തുകയും ജീവനക്കാർ പിടിയിലാകുകയും ചെയ്തു. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്കായി മതിയായ രേഖകൾ കെനിയക്ക് കൈമാറി അവരെ മോചിപ്പിച്ചിരുന്നു. കപ്പലിെൻറ നിയന്ത്രണമുണ്ടായിരുന്ന കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ പ്രവീണിെൻറ മോചനം വീണ്ടും തുലാസിലായിരുന്നു. അസി. ഹൈകമീഷണർ സഞ്ജീവ് ഖണ്ടൂരിയും മലയാളി അസോസിയേഷൻ പ്രവർത്തകരും ജയിലിലെത്തി പ്രവീണിനെ കണ്ടിരുന്നു. തുടർന്ന് കേസിെൻറ സാക്ഷിവിസ്താരം തുടങ്ങുകയും ചെയ്തു.
പ്രവീൺ പരിശീലനത്തിെൻറ ഭാഗമായാണ് കപ്പലിൽ ജോലി ചെയ്തത് എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കഴിഞ്ഞയാഴ്ച കൈമാറിയിട്ടുണ്ട്. ഇതിനുപുറമേ നാട്ടിൽ ഇവരുടെ പേരിൽ കേസ് ഇല്ലെന്ന സർട്ടിഫിക്കറ്റും അധികൃതർ ഹാജരാക്കും. പ്രവീണിെൻറ മോചനത്തിനായി ജന്മനാട്ടിൽ കണ്ണീർക്കൂട്ടവും പ്രാഥമികപഠനം പൂർത്തിയാക്കിയ വിദ്യാലയത്തിൽ മോചനക്കൂട്ടവും സംഘടിപ്പിച്ചിരുന്നു. മകെൻറ മോചനത്തിനായി പ്രവർത്തിച്ചവരോട് കണ്ണീരോടെ നന്ദി പറയുകയാണ് പിതാവ് പ്രഭാകരൻ നായർ. മകൻ തടവറയിലായതോടെ ഭാര്യ ദേവയാനിയുടെ മനോനിലയിൽ മാറ്റം വന്നതായും മകനെ തിരികെ കിട്ടുന്നതോടെ ഭാര്യയും പഴയ ജീവിതത്തിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഭാകരൻ നായർ പറയുന്നു. കടലിനക്കരെ ഇരുട്ടറയിൽ കഴിയുന്ന പ്രവീണിെൻറ വരവും കാത്തിരിക്കുകയാണ് ഒരു ദേശം മുഴുവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.