പ്രയാർ ഗോപാലകൃഷ്ണൻ കേരളത്തിന്‍റെ പാൽക്കാരൻ
text_fieldsകൊല്ലം: മിൽമയെ മലയാളികളുടെ പ്രഭാതങ്ങളിലെ നന്മയാക്കിയ പ്രയാർ ഗോപാലകൃഷ്ണൻ എന്ന നേതാവിന് ഏറെ ചേരുന്നതാണ് കേരളത്തിന്‍റെ 'പാൽക്കാരൻ' എന്ന വിശേഷണം. മിൽമ അഥവ കേരള കോഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ എന്ന പ്രസ്ഥാനത്തെ ഒന്നുമില്ലായ്മയിൽനിന്ന് ഇന്നത്തെ സമൃദ്ധിയിലേക്ക് നയിച്ച ഭരണസാരഥിയാണ് അദ്ദേഹം. വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചെയർമാനായി മിൽമയുടെ കൈപിടിച്ച പ്രയാർ, 18 വർഷം ആ പദവിയിൽ തുടർന്നപ്പോൾ പകരംവെക്കാനില്ലാത്ത ഉയരത്തിലേക്കാണ് മിൽമ എത്തിയത്.
1980കളുടെ തുടക്കത്തിലാണ് ഗുജറാത്തിലെ ധവളവിപ്ലവത്തിന്‍റെ ചുവടുപിടിച്ച് ഡോ. വി. കുര്യന്‍റെ നേതൃത്വത്തിൽ ആനന്ദ് പാറ്റേൺ എന്ന വിജയ ഫോർമുല കേരളത്തിലെത്തിയത്. ആനന്ദ് പാറ്റേൺ എത്തുന്നതിന് മുമ്പ് കേരള ലൈവ് സ്റ്റോക് ആൻഡ് മിൽക് സപ്ലൈസ് ബോർഡിന് കീഴിൽ ജില്ലതല മിൽക് സപ്ലൈസ് യൂനിയനുകൾ എന്ന ക്ഷീരവ്യവസായ സംഘങ്ങളാണ് ഉണ്ടായിരുന്നത്. ക്ലാപ്പന ക്ഷീരവ്യവസായ സംഘത്തിന്‍റെ പ്രസിഡന്‍റായിരുന്നു പ്രയാർ.
സംസ്ഥാനതലത്തിൽ പാൽ സൊസൈറ്റി പ്രസിഡന്‍റുമാരുടെ സംഘടന രൂപവത്കരണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെയാണ് പാൽ കർഷകരുടെ നേതൃത്വത്തിലേക്ക് അദ്ദേഹം ഉയർന്നത്. നഷ്ടത്തിലായിരുന്ന മിൽക് സപ്ലൈസ് യൂനിയൻ ബോർഡിൽനിന്ന് 1983ൽ മിൽമ എന്ന രൂപത്തിലേക്ക് മാറിയ ആദ്യകാലത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു ചെയർമാൻ പദവി വഹിച്ചിരുന്നത്.
തൊട്ടടുത്ത വർഷം ക്ഷീരസംഘം പ്രതിനിധികൾ വോട്ട് ചെയ്ത് ചെയർമാനെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്ക് തുടക്കമായപ്പോൾ തെരഞ്ഞെടുപ്പിലൂടെ തലപ്പത്തെത്തുന്ന ആദ്യ നേതാവ് എന്ന വിശേഷണത്തോടെയാണ് പ്രയാർ ഗോപാലകൃഷ്ണൻ മിൽമയുടെ സാരഥിയായത്. സഹകരണമേഖലയിൽ സംസ്ഥാനത്തുടനീളം ഇടതുപക്ഷം ആധിപത്യം നിലനിർത്തിയിരുന്ന നാളുകളിലും മിൽമയെ കോൺഗ്രസ്പക്ഷത്ത് പിടിച്ചുനിർത്തിയ പ്രധാന ഘടകം കൂടിയായിരുന്നു പ്രയാർ. 38 വർഷം തുടർന്ന ആധിപത്യം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സി.പി.എമ്മിന് മുന്നിൽ കൈവിട്ടത്. ഇടതുകോട്ടയായ ചടയമംഗലം പിടിച്ച ആദ്യ കോൺഗ്രസുകാരനായും പ്രയാർ ഇടതുപക്ഷത്തെ ഞെട്ടിച്ചിരുന്നു.
കേരളത്തിൽ വിപണനം നടത്താനാകാതെ അധികം വന്ന പാൽ കെട്ടിക്കിടന്ന സാഹചര്യം വന്നപ്പോൾ കർണാടകയിലേക്ക് കയറ്റി അയക്കേണ്ടിവന്ന സ്ഥിതി ആവർത്തിക്കാതിരിക്കാൻ ആലപ്പുഴയിൽ മിൽക് പൗഡർ പ്ലാന്‍റ് സ്ഥാപിച്ചത് പ്രയാറിന്‍റെ ഭരണകാലത്താണ്. മിതമായ നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കാൻ പട്ടണക്കാടും മലമ്പുഴയിലും കാലിത്തീറ്റ ഫാക്ടറികളും സ്ഥാപിച്ചു. നാഷനല്‍ ഡെയറി ഡെവലപ്‌മെന്‍റ് ബോര്‍ഡ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റും ഇന്‍റര്‍നാഷനല്‍ ഡെയറി ഫൗണ്ടേഷനിലേക്കുള്ള ഇന്ത്യയുടെ ഡെലിഗേറ്റുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.