Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശ്വാസ സംരക്ഷണ...

വിശ്വാസ സംരക്ഷണ പോരാട്ടത്തില്‍ മുന്‍പന്തിയിൽ നിന്ന പ്രയാര്‍ -കെ. സുധാകരന്‍

text_fields
bookmark_border
Prayar Gopalakrishnan - K Sudhakaran
cancel

തിരുവനന്തപുരം: അന്തരിച്ച മുന്‍ എം.എൽ.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി അനുശോചിച്ചു. കെ.എസ്.യു വിദ്യാര്‍ഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പ്രയാര്‍ മരണം വരെ ത്രിവര്‍ണ്ണക്കൊടി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് വികാരം മനസില്‍ സൂക്ഷിച്ച നേതാവായിരുന്നു. ചിരിക്കുന്ന മുഖത്തോടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തന്‍റേടം കാട്ടിയ നേതാവാണ് പ്രയാര്‍. കേരളത്തില്‍ ചിതറി കിടന്നിരുന്ന ക്ഷീരകര്‍ഷകരെ സംഘടിത ശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രയാര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ക്ഷീരകര്‍ഷക മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം പ്രയത്നിച്ചു.

മില്‍മ സൊസൈറ്റിയുടെ രൂപീകരണത്തിനും വളര്‍ച്ചക്കും പ്രയാര്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് മറക്കാനാവില്ല. ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ സംഘടിത ശക്തിയുടെ ആവശ്യം മനസിലാക്കി കൊടുക്കാന്‍ പ്രയാര്‍ നടത്തിയ സേവനം പ്രശംസനീയമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കാലത്ത് ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ വിശ്വാസികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം തുടര്‍ച്ചയായി വാദിച്ചു. സി.പി.എം അദ്ദേഹത്തെ സംഘ്പരിവാറുകാരനായി ചിത്രീകരിക്കാനും വേട്ടയാടാനും ശ്രമിച്ചത് അദ്ദേഹത്തിന്‍റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. വിശ്വാസ സംരക്ഷണ പോരാട്ടത്തില്‍ പ്രയാര്‍ മുന്‍പന്തിയിലായിരുന്നു. അത് ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്.

ശബരിമല വിശ്വാസ സംരക്ഷണ വിഷയം കേരളത്തില്‍ കത്തിപടര്‍ന്ന് നില്‍ക്കുന്ന കാലത്ത് നിരപരാധികളായവരെ പൊലീസുകാര്‍ തടവുകാരായി പിടിച്ചുവെച്ചെന്ന് അറിഞ്ഞ് ഞാന്‍ നേരിട്ട് പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയ സംഭവം ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പൊലീസ് സ്റ്റേഷനിലേക്ക് അന്ന് ഞാന്‍ കടന്ന് ചെല്ലുമ്പോള്‍ വിശ്വാസപോരാട്ടത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പൊലീസ് പ്രയാര്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്ന കാഴ്ച എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ആഹാരം കഴിക്കാനോ വേഷം മാറാനോ അദ്ദേഹത്തെ പൊലീസ് അനുവദിച്ചിരുന്നില്ല.

ഞാന്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രയാര്‍ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചു. വിശ്വാസ സംരക്ഷണ പോരാട്ട സമരത്തിന് നേതൃത്വം നല്‍കിയതാണ് കുറ്റമെന്ന് അവര്‍ എന്നെ അറിയിച്ചു. സമരം നയിച്ചവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ പ്രയാറിന്‍റെ കൈയ്യും പിടിച്ച് പൊലീസ് സ്റ്റേഷന് പുറത്തേക്ക് വരുമ്പോള്‍ സുസ്മേരവദനനായി എന്‍റെയൊപ്പം നടന്ന് വന്ന പ്രയാറിന്‍റെ മുഖം ഇന്നും എന്‍റെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല. നിലപാടുകൾ കൊണ്ട് ഏവരെയും എന്നും ഞെട്ടിച്ച പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം മണ്ഡലത്തിന്‍റെ വികസന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ചടയമംഗലം കണ്ട എക്കാലത്തെയും മികച്ച എം.എൽ.എ കൂടിയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പദവികള്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ കെ. സുധാകരന്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranPrayar Gopalakrishnan
News Summary - Prayar Gopalakrishnan, who was at the forefront of the struggle for the protection of the faith-K Sudhakaran
Next Story