പ്രയാർ: മിൽമയെ 'കേരളം കണികണ്ട് ഉണരുന്ന നന്മ'യാക്കിയ അമരക്കാരൻ
text_fieldsകോഴിക്കോട് : വിടപറഞ്ഞത് മിൽമയെ 'കേരളം കണികണ്ട് ഉണരുന്ന നന്മ'യാക്കിയ അമരക്കാരൻ. ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യനെ പിന്തുടർന്നാണ് പ്രയാർ ഗോപാലകൃഷ്ണൻ 'കേരളത്തിൽ മിൽമ' എന്ന സംരംഭത്തിലേക്ക് എത്തിയത്. കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം അഥവാ മിൽമ തിരുവനന്തപുരം ആസ്ഥാനമായി 1980ൽ ആരംഭിക്കുന്നതിൽ പ്രയാർ മുഖ്യ പങ്ക് വഹിച്ചു. അതിന്റെ രൂപീകരണത്തിൽ സഹായിച്ചത് ഉമ്മൻചാണ്ടിയാണെന്ന് പ്രയാർ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
പ്രയാർ കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ ഉമ്മൻചാണ്ടി സംസ്ഥാന പ്രസിഡന്റായിരുന്നു. കൃഷിയോടുള്ള താൽപര്യമാണ് പാൽ സഹകരണ സംഘങ്ങളുടെ സംസ്ഥാന സംഘടന ഉണ്ടാക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. അച്ഛൻ മികച്ച ക്ഷീര കർഷകനായിരുന്നു. അദ്ദേഹത്തിന് നല്ല മരമടികാളകളെ വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. ഡൽഹിയിൽവെച്ച് നടന്ന സഹകരണസംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ പങ്കെടുത്തപ്പോഴാണ് വർഗീസ് കുര്യനെ പ്രയാർ ആദ്യമായി കണുന്നത്. അത് പുതുവഴിവെട്ടുന്നത് അദ്ദേഹത്തിന് പ്രേരണയായി.
ആ യോഗത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പരിഗണന കേരളത്തിന് ലഭിച്ചില്ല. പ്രയാർ അതിനെ ചോദ്യം ചെയ്തു. കേരളം പാൽ ഉൽപാദന സംസ്ഥാനമല്ലെന്നായിരുന്നു മറുപടി. തുടർന്ന് മലയാളിയായ വർഗീസ് കുര്യൻ ആനന്ദിലേക്ക് പ്രയാറിനെ ക്ഷണിച്ചു. അത് കേരളത്തിലെ ക്ഷീര കർഷകർക്ക് പുതുവികസനത്തിനുള്ള പാത തുറന്നു.
ആനന്ദിൽ കണ്ടത് മഹാൽഭുതം എന്നാണ് പ്രയാർ പിൽക്കാലത്ത് പറഞ്ഞത്. 1980ൽ കെ.ആർ. ഗൗരിയമ്മ വകുപ്പ് മന്ത്രിയായെങ്കിലും ആദ്യം പ്രയാറിന്റെ അഭിപ്രായങ്ങളെ പരിഗണിച്ചില്ല. 'ആന്റണി കോൺഗ്രസ് നേതാവ്' എന്ന നിലയിലാണ് പ്രയാറിനെ ഗൗരിയമ്മ കണ്ടത്. ഗൗരിയമ്മ പങ്കെടുത്ത വേദിയിൽ പ്രയാർ ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു.
എന്നാൽ, കെ.ആർ. ഗൗരിയമ്മ മൈക്ക് പിടിച്ചെടുത്ത് ഖദറിട്ട് വിരട്ടണ്ട എന്ന് താക്കീത് നൽകിയാണ് വേദിവിട്ടത്. പിന്നീട് ഗൗരിയമ്മ പ്രയാറിനെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ ഗൗരിയമ്മയോടൊപ്പം വീണ്ടും ആനന്ദിൽ പോയി. കുര്യനോട് കേരളത്തിലും കാലത്തീറ്റ ഫാക്ടറി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ആനന്ദിൽ പോയിവന്ന ഗൗരിയമ്മ തുറവൂർ കാലത്തീറ്റ ഫാക്ടറിക്ക് തറക്കലിലട്ടു. ഗാരിയമ്മ 'മിൽമയുടെ അമ്മയായി' എന്നാണ് പ്രയാർ പിൽക്കാലത്ത് രേഖപ്പെടുത്തിയത്.
മിൽക്കിന്റെ എം.ഐ.എല്ലും മാർക്കറ്റിന്റെ എം.എയും ചേർന്ന പുതിയവാക്കാണ് 'മിൽമ'. കേരളം മുഴുവൻ പ്രവർത്തനം വ്യാപിക്കുന്നതിൽ പ്രയാർ വലിയ പങ്കുവഹിച്ചു. മിൽമയെ 'കേരളം കണികണ്ട് ഉണരുന്ന നന്മ'യാക്കി. ഇതേ പദ്ധതി നടപ്പാക്കുന്നതിന് ചൈനയിൽ പോകുന്നതിന് തെരഞ്ഞെടുത്തത് പ്രയാറിനെയാണ്. ഒരു മാസം ചൈനയിൽ ചെലഴിച്ചു. തുടർന്ന് ചടയമംഗലം എം.എൽ.എയായി. സ്വതന്ത്ര്യത്തിന് ശേഷം ചടയമംഗത്ത് നിന്ന് ജയിച്ച ആദ്യ കോൺഗ്രസ് നേതാവാണ് പ്രയാർ. എക്കോ ടൂറിസം പ്രോജക്ട് ജഡായുപാറയിൽ തുടങ്ങുന്നതിന് നേതൃത്വം നൽകി.
നിരവധി പുരസ്കാരങ്ങൾ പ്രയാറിനെ തേടിയെത്തി. മിൽമ ചെയർമാൻ എന്ന നിലയിൽ മികച്ച സഹകാരിക്കുള്ള അഞ്ച് അവാർഡുകൾ ലഭിച്ചു. ഇന്ത്യയിലെ അഗ്രികൾച്ചറൽ കോൺഫെഡറേഷന്റെ ദേശീയ അവാർഡ്, എക്കണോമിക് കൗൺസിലിന്റെ അവാർഡ് എന്നിവയും ലഭിച്ചു. ആർ. ബാലകൃഷ്ണപിള്ള ഒഴിഞ്ഞപ്പോൾ മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാനായി.
ദേവസ്വം ബോർഡ് ചെയർമാനായി. കാലാവധി പൂർത്തിയാകുന്നതിന് ഒരു വർഷം മുമ്പേ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതും വിവാദമായി. ശബരിമല വിഷയത്തിൽ സംഘ്പരിവാർ നിലപാടിനൊപ്പം നിന്നുവെന്ന ആക്ഷേപം പ്രയാറിനെതിരെ ഉയർന്നിരുന്നു. എന്നാൽ, വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ തന്‍റെ നിലപാട് മാറ്റാൻ അദ്ദേഹം തയാറായില്ല.
കെ.എസ്.യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍രാഷ്ട്രീയ രംഗത്തെത്തിയത്. കെ.എസ്.യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചു. ഓച്ചിറയിലെ പ്രയാർ കുടുംബത്തിലാണ് ജനനം. അച്ഛൻ കർഷകനും അമ്മ അധ്യാപികയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.