പ്രാർഥനയോടെ തുടർജീവിതം
text_fieldsവ്രതത്തിലൂടെ നേടിയെടുക്കുന്ന ദൈവഭക്തിയാണ് വിശ്വാസികളുടെ ജീവിതങ്ങളിൽ കരുത്താകുന്നത്. മനുഷ്യർ സമൂഹത്തിൽ നിർവഹിക്കേണ്ട എല്ലാ ബാധ്യതകളുടെയും പഠന കാലയളവുകൂടിയാണ് റമദാൻ. പ്രവർത്തനങ്ങളുടെ കണക്കെടുപ്പും ആത്മവിചാരണയുമാണ് ഇനിയുള്ള ദിനങ്ങളിൽ നിർവഹിക്കേണ്ടത്. ഇഷ്ടവും അനിഷ്ടവും നോക്കാതെ എല്ലാം വെട്ടിപ്പിടിക്കാനുള്ള ആർത്തിയെ തടഞ്ഞുനിർത്താനുള്ള കരുത്ത് വ്രതത്തിലൂടെ ആർജിച്ചെടുക്കാനായോ? വ്രതനാളുകളിലെ രാപ്പകലുകളിലായി നേടിയെടുത്ത സദ്ഫലങ്ങൾ തുടർന്നും നിലനിർത്തിയെങ്കിലേ ദൈവസന്നിധിയിൽ വിജയിക്കൂ.
വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ഭക്തിയും അടുക്കും ചിട്ടയുമാർന്ന ജീവിതവിശുദ്ധിയും നിലനിർത്താൻ അതീവ ജാഗ്രത അനിവാര്യമാണ്. ഇതിനായി ഇതുവരെ ചെയ്ത സൽക്കർമങ്ങൾ സ്വീകരിക്കണമേയെന്ന് ദൈവത്തോട് പ്രാർഥിക്കണം. പ്രാർഥനയും പ്രവൃത്തിയും ഒരുമിക്കുേമ്പാഴാണ് അല്ലാഹു കർമങ്ങൾ സ്വീകരിക്കുന്നത്. ഖുർആനെ നെഞ്ചോട് കൂടുതൽ ചേർത്തുപിടിക്കണം. അഗതികൾക്കും അശരണർക്കുമായി സമ്പത്ത് ചെലവിടണം. ഇല്ലാത്തവെൻറ കണ്ണീർ തുടക്കുന്നതിലൂടെയേ നരകത്തിൽനിന്നു മോചിതനാകു. ‘‘സൽക്കർമങ്ങളും ദാനങ്ങളും പാപങ്ങളെ കരിച്ചുകളയു’’മെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. ജനങ്ങളോട് വിട്ടുവീഴ്ച മനോഭാവത്തോടെ പെരുമാറുന്നവന് അല്ലാഹു പൊറുത്തുകൊടുക്കും.
റമദാനിൽ മാത്രം വിശ്വാസികളാകുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണം. ഇൗ മാസത്തിൽ നേടിയെടുത്ത വിശ്വാസപരമായ ഉൾക്കരുത്ത് തുടർച്ചയെന്നവണ്ണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ വീഴ്ചവരുത്തുന്നവർക്ക് കഠിനശിക്ഷയാണ് കാത്തിരിക്കുന്നതെന്ന തിരിച്ചറിവുണ്ടാകണം. മരണം ഏത് സമയവും തേടിയെത്തുമെന്ന ബോധമുണ്ടായാൽ വിശ്വാസപരമായ ഉൾക്കരുത്ത് ചോരാതെ മുന്നോട്ടുപോകാൻ കഴിയും. ‘‘നിങ്ങളുടെ കർമങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടം തുടർച്ചയായ, കൃത്യതയോടെ നിങ്ങൾ അനുഷ്ഠിക്കുന്ന കർമങ്ങളാണ്. അത് എത്ര ചെറുതായാലും’’ എന്നാണ് പ്രവാചകെൻറ മൊഴി.
റമദാെൻറ അവസാന ദിനങ്ങൾ കൂടുതൽ ശ്രദ്ധയോടെ ചെലവിടണം. തക്ബീർധ്വനികൾ വർധിപ്പിക്കണം. വ്രതം പൂർത്തീകരിക്കാൻ അനുഗ്രഹിച്ച അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കലാണത്. പാപമോചനത്തിനായി പ്രാർഥിക്കണം. മുൻകാല വീഴ്ചകളിലേക്ക് മടങ്ങിപ്പോകില്ലെന്ന് പ്രതിജ്ഞയെടുക്കണം. കര്മത്തെക്കാള് ശ്രദ്ധ ചെലുത്തേണ്ടത് അവയുടെ സ്വീകാര്യതക്കാണ്. അബ്ദുല്ല ബിന്‍ മസ്ഊദ് പറയുന്നു: ‘‘ആരുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചുവോ, നാമവരെ അഭിനന്ദിക്കുന്നു. ആരുടെ കര്‍മങ്ങള്‍ തള്ളപ്പെട്ടുവോ നാം അവരുടെ കാര്യത്തില്‍ അനുശോചനമറിയിക്കുന്നു.’’ റമദാന് അവസാനിച്ചിരിക്കുന്നു. അല്ലെങ്കില്‍ അവസാനിക്കാറായിരിക്കുന്നു. അതിെൻറ നന്മകള് ലഭിച്ചവര്‍ സൗഭാഗ്യവാന്മാരാണ്. അക്കൂട്ടത്തിൽ ഇടം കിട്ടാനായി പ്രാർഥിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.