പ്രീ മെട്രിക് സ്കോളർഷിപ്; നഷ്ടമായത് 5.5 ലക്ഷം രൂപ
text_fieldsതിരുവനന്തപുരം: അപേക്ഷകൾ കൃത്യ സമയത്ത് തീർപ്പാക്കാത്തതിനെ തുടർന്ന് പട്ടികജാതി വിദ്യാർഥികൾക്ക് കേന്ദ്ര പ്രീമെട്രിക് സ്കോളർഷിപ്പിൽ നഷ്ടമായത് 5,46,670 രൂപ. 2024ലെ സി.എ.ജി റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകളുള്ളത്. എറണാകുളം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലെ 9,10 ക്ലാസുകളിലെ 196 വിദ്യാർഥികൾക്കാണ് 2017-22 കാലഘട്ടത്തിൽ അപേക്ഷ കൃത്യസമയത്ത് തീർപ്പാക്കാത്തതിനെ തുടർന്ന് സ്കോളർഷിപ് ഇനത്തിൽ ലഭിക്കേണ്ട ഇത്രയും തുക നഷ്ടമായത്. വിദ്യാർഥികൾക്ക് യഥാസമയം പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രമോട്ടർമാരുടെ കടമയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. എറണാകുളത്ത് പട്ടികജാതി ഡയറക്ടറേറ്റിൽ 37 അപേക്ഷകളും കൊല്ലത്ത് 61 ഉം കോഴിക്കോട് 88 ഉം വയനാട് എസ്.സി.ഡി.ഒയിൽ 10 അപേക്ഷകളുമാണ് തീർപ്പാക്കാതെ കിടന്നത്. ആകെയുള്ള 196 അപേക്ഷകളിൽ 2017 മുതൽ 64 എണ്ണവും 2018 മുതൽ 111 എണ്ണവും 2019 മുതൽ 21 അപേക്ഷകളും തീർപ്പാക്കിയിട്ടില്ല.
തങ്ങൾക്കു ലഭിച്ച അപേക്ഷകൾ പോർട്ടലിൽ എൻട്രി ചെയ്ത് അംഗീകാരത്തിനും പേമെന്റിനുമായി ഡയറക്ടറേറ്റിലേക്ക് അയച്ചതായാണ് സർക്കാർ നൽകിയ മറുപടി. ഒമ്പത്, 10 ക്ളാസുകളിലെ പട്ടികജാതി വിദ്യാർഥികളുടെ ഉന്നമനത്തിനായി കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് പ്രീമെട്രിക് സ്കോളർഷിപ്.
ഒന്നു മുതൽ 10 വരെ ക്ലാസുകൾക്കുള്ള ലംപ്സം ഗ്രാന്റ്, പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്റ്റൈപൻഡ്, പ്രീപ്രൈമറി വിദ്യാർഥികൾക്കുള്ള ധനസഹായം എന്നിവയിലും 2019 മുതൽ 22 വരെ കാലഘട്ടത്തിൽ 526 അപേക്ഷകൾ പണം നൽകാതെ എസ്.സി.ഡി.ഒമാരുടെ പക്കൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.