പ്രീ മെട്രിക് സ്കോളർഷിപ് ഉത്തരവ് വന്നു; അപേക്ഷിക്കാൻ ഒറ്റദിവസം പോലും നൽകാതെ
text_fieldsകൽപറ്റ: പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ സംബന്ധിച്ച സുപ്രധാന ഉത്തരവ് അപേക്ഷിക്കാൻ ഒറ്റദിവസം പോലും നൽകാത്ത രൂപത്തിൽ സ്കൂളുകളിലെത്തി. പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവാണ് അധികൃതരുടെ പിടിപ്പുകേടുമൂലം വിദ്യാർഥികൾക്ക് പ്രയോജനകരമാകാതെപോയത്. ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന) വിദ്യാർഥികൾക്കുള്ള 2024-25 വർഷത്തെ പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഉത്തരവാണിത്. ഡയറക്ടറുടെ ഒപ്പോടുകൂടിയുള്ള ഉത്തരവ് സെപ്റ്റംബർ ഒമ്പതിനാണ് ഇറക്കിയത്. എന്നാൽ, 19 ദിവസം കഴിഞ്ഞ് സെപ്റ്റംബർ 28ന് ശനിയാഴ്ച മാത്രമാണ് അതത് സ്കൂളുകളിൽ മെയിലിൽ കിട്ടുന്നത്. ഞായറാഴ്ച അവധിയായിരുന്നു. ഇതുകഴിഞ്ഞുള്ള തിങ്കളാഴ്ച, സെപ്റ്റംബർ 30 ആകട്ടെ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനദിവസവുമായിരുന്നു. ഒരുകുട്ടി പോലും സ്കോളർഷിപ്പിന് അപേക്ഷിക്കരുതെന്ന് ആർക്കോ വാശിയുള്ളതുപോലെയായി ഇത്.
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയാത്ത ഒ.ബി.സി, ഇ.ബി.സി വിദ്യാർഥികളാണ് പ്രീമെട്രിക് സ്കോളർഷിപ്പിന് അർഹർ. സ്കൂളുകളിൽനിന്ന് വിദ്യാർഥികളുടെ പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായി ഉത്തരവിലുള്ളത് സെപ്റ്റംബർ 30 ആണ്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഡി.ഇ.ഒ, എ.ഇ.ഒമാർക്കാണ് ഉത്തരവിന്റെ പകർപ്പുള്ളത്. അപേക്ഷ തീയതി സർക്കാർ നീട്ടിയില്ലെങ്കിൽ അർഹമായ ആനുകൂല്യം പിന്നാക്ക വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.