22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്കരിക്കല്, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹിക വിലയിരുത്തല്‍ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം. മഴക്കാലപൂര്‍വ ശുചീകരണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തില്‍ മന്ത്രിമാരായ എം.വി. ഗോവിന്ദന്, റോഷി അഗസ്റ്റിന്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
യോഗത്തിലെ നിർദേശങ്ങൾ
ഓരോ തദ്ദേശ സ്ഥാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സൂക്ഷ്മതല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. 50 വീടുകള്‍/ സ്ഥാപനങ്ങള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്കോഡുകള്‍ രൂപവത്കരിച്ച് കര്‍മപരിപാടികള്‍ നടപ്പാക്കണം. വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിയില്‍ ഹരിതകര്‍മ സേന പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി കാമ്പയിന് പ്രവര്‍ത്തനം ഏറ്റെടുക്കണം. ഓരോ വാര്‍ഡിലെയും വീടുകള്‍, സ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ മാലിന്യ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കണം
ജില്ല/നഗരസഭ/ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലങ്ങളിലെ പ്രസിഡന്റ്/ ചെയര്‍പേഴ്സണ്‍മാരുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ആരോഗ്യജാഗ്രത സമിതികളും ഇന്റര്‍സെക്ടറല്‍ സമിതികളും സമയബന്ധിതമായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ല ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയും നിര്‍വഹണ പുരോഗതി അവലോകനം നടത്തുകയും ചെയ്യും
കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗങ്ങള്‍ വിളിച്ച് ഉത്തരവാദിത്തങ്ങള്‍ വിഭജിച്ച് നല്‍കണം. കലക്ടര്‍ ചെയര്‍മാനും ജില്ല മെഡിക്കല്‍ ഓഫിസര്‍ വൈസ് ചെയര്‍മാനും ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.