പ്രീത ഷാജി നിരാഹാരം നിർത്തി
text_fieldsകളമശ്ശേരി: എടുക്കാത്ത വായ്പയുടെ പേരിൽ കിടപ്പാടം ജപ്തി ചെയ്തതിനെതിരെ അനിശ്ചിതകാല നിരാഹാരം നടത്തിവന്ന കൂനം തൈ മാനാത്തുപാടത്ത് പ്രീത ഷാജി സമരം അവസാനിപ്പിച്ചു. ജപ്തി നടപടി ഉണ്ടാകില്ലെന്നും സംസ്ഥാന സർക്കാറിെൻറ ലീഗൽ സെല്ലിെൻറ സഹായം സൗജന്യമായി ലഭ്യമാക്കുമെന്നും ഗൂഢാലോചനയും വഞ്ചനയും ഉണ്ടെന്ന പരാതി കലക്ടർക്കോ പൊലീസിനോ നൽകുകയാണെങ്കിൽ വിശദ അന്വേഷണം നടത്താമെന്നുമുള്ള കലക്ടറുടെ ഉറപ്പിലാണ് കഴിഞ്ഞ 19 ദിവസമായി നടത്തിവന്ന സമരം പ്രീത അവസാനിപ്പിച്ചത്.
ഇതനുസരിച്ച് കലക്ടറുടെ നിർദേശങ്ങൾ രാവിലെ 10ഓടെ പ്രതിനിധിയായി എത്തിയ ഡെപ്യൂട്ടി കലക്ടർ എം.വി. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ തഹസിൽദാർ വൃന്ദാ ദേവി, വില്ലേജ് ഓഫിസർ വീണ മേനോൻ എന്നിവർ സമരപ്പന്തലിലെത്തി പ്രീതയെ അറിയിക്കുകയായിരുന്നു. തുടർന്ന് കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ നൽകിയ നാരങ്ങനീര് കുടിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് പ്രീത നിരാഹാരം അവസാനിപ്പിച്ചു. സ്ഥലം എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയിൽ ഉന്നയിച്ചതിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് സമരം അവസാനിപ്പിക്കാൻ സാഹചര്യം ഉണ്ടായത്. നിരാഹാരം അവസാനിപ്പിക്കുന്ന സമയത്ത് വിവിധ മനുഷ്യാവകാശ സംഘടന നേതാക്കൾ, പാർപ്പിട സംരക്ഷണ സമിതി പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. സമരം അവസാനിപ്പിച്ച പ്രീതയെ പിന്നീട് പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബാങ്കിെൻറ വഞ്ചനക്കെതിരെ മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ച് സർക്കാറിെൻറ കണ്ണ് തുറപ്പിച്ച കളമശ്ശേരി കൂനംതൈ മനാത്തുപാടത്ത് ഷാജിയുടെ ഭാര്യ പ്രീതയുടെ നിശ്ചയദാർഢ്യത്തിനും നിർഭയത്വത്തിനും അതുകൊണ്ടുതന്നെ വനിതദിനത്തിൽ തിളക്കമേറെയാണ്. എടുക്കാത്ത വായ്പയുടെ പേരിൽ 24 വർഷമാണ് പ്രീതയും ഭർത്താവും വേട്ടയാടപ്പെട്ടത്. മുതൽ അടക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും റിയൽ എസ്റ്റേറ്റ് മാഫിയകൾ വിട്ടില്ല. അധികാരികളും കണ്ണടച്ചു. ജീവിതം ദുരിതപൂർണമായപ്പോഴാണ് ഭർത്താവിനൊപ്പം പ്രീതയും സമരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.