ഗർഭിണി മരിച്ചു; ആശുപത്രിക്കെതിരെ കേസ്
text_fieldsപാലാ: ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പാലായിലെ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. മേവട വാഴക്കാട്ട് അഹല്യയാണ് (26) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒന്നരമാസം ഗർഭിണിയായിരുന്ന അഹല്യ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെവെച്ച് പലതവണ സ്കാൻ ചെയ്തിട്ടും ഗർഭം ട്യൂബിൽ ആണോ ഗർഭപാത്രത്തിൽ ആണോ എന്നത് സംബന്ധിച്ച് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചില്ലെന്നും രക്തസ്രാവം ഉണ്ടായതിനെതുടർന്ന് കുത്തിവെപ്പ് നൽകുകയും അഹല്യയുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാവുകയും ചെയ്തതായും ബന്ധുക്കൾ പറയുന്നു.
ആരോഗ്യസ്ഥിതി ഏറെ വഷളായപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെന്നും ഇതിനിടെ അഹല്യക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും അക്കാര്യം പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർ തങ്ങളിൽ നിന്നും മറച്ചുവെച്ചതായും ബന്ധുക്കൾ പരാതിപ്പെടുന്നു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ച ഒരുമണിയോടെ അഹല്യ മരിച്ചു. സഹോദരിയുടെ മരണത്തിൽ പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർക്കും ഡോക്ടർക്കും പങ്കുണ്ടെന്നാണ് അഹല്യയുടെ സഹോദരൻ രാഹുലിെൻറ പരാതി.
ഇതേസമയം, അവിചാരിതമായി ഉണ്ടായ ഹൃദയാഘാതമാണ് അഹല്യയുടെ മരണത്തിന് ഇടയാക്കിയതെന്നും ചികിത്സയിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. ബന്ധപ്പെട്ടവരിൽനിന്ന് ഉടൻ വിശദമായ മൊഴി എടുക്കുമെന്ന് പാലാ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.