'ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ..?, മരണവീടുകളിൽ ചെല്ലുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്'; നൊമ്പരമായി മരണത്തിന് മുൻപ് ആയിഷ രഹ്‌ന മാഗസിനിൽ കുറിച്ചിട്ട വാക്കുകൾ
text_fieldsമലപ്പുറം: 'പലപ്പോഴും മരണവീടുകളിൽ ചെല്ലുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഞാൻ മരിച്ചാൽ ആരൊക്കെ കരയും..? ഒട്ടുമിക്ക മരണവീടുകളിലും അടുത്ത ബന്ധുക്കളും രക്തബന്ധത്തിൽ ഉള്ളവരും മാത്രമാണ് കരയുന്നത് കണ്ടിട്ടുള്ളത്. മറഞ്ഞുനിന്ന് കണ്ണുനീർ തുടക്കുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കളും ഉണ്ടാവാറുണ്ട്. അതിൽ കൂടുതൽ ഒരാളുടെ മരണത്തിൽ കരയുന്നത് കണ്ടിട്ടില്ല.
നമ്മൾ മരിക്കുമ്പോൾ ഉള്ളു തുറന്നു കരയാനും, വേർപാട് തോന്നാനും, ചില സൗഹൃദങ്ങളും, ബന്ധങ്ങളും സൃഷ്ടിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ ഒരു വലിയ നേട്ടമാണ്. ഒന്ന് ചോദിച്ചോട്ടെ?... ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ?'- അടുത്തിടെ പെരിന്തൽമണ്ണ ജൂനിയർ ചേമ്പർ ഇന്റർനാഷ്നൽ പുറത്തിറക്കിയ മാഗസിനിലെ ഒരു ലേഖനത്തിലെ വരികളാണിത്.
ഈ ലേഖനം ഇന്ന് വായിക്കുന്നർ ഒന്നടങ്കം കരയുകയാണ്. അതെഴുതിയ ആയിഷ രഹ്‌ന എന്ന ജെ.സി.ഐ ട്രെയിനർ ഇന്ന് ലോകത്തോട് വിടപറഞ്ഞു.
എട്ടുമാസം ഗർഭിണിയായിരുന്ന ആയിഷ രഹ്‌ന (33) മഞ്ഞപിത്തം ബാധിച്ച് ഇന്ന് രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നത്.
ഒട്ടേറെ സൗഹൃദവലയങ്ങളുള്ള പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാട് സുഹൃത്തുക്കൾക്കും നാട്ടുകാർക്കും താങ്ങാവുന്നതിലും അപ്പുറമായി.
മണവാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന സുഹൃത്തുക്കളെല്ലാം ആയിഷ രഹ്‌ന അന്ന് പറഞ്ഞുപോയ വാക്കുകൾ പങ്കുവെക്കുമ്പോൾ അവരെ അറിയാത്ത ഒട്ടേറെ മനുഷ്യരെയും അത് ദുഖത്തിലാഴ്ത്തുന്നു.
അങ്ങാടിപ്പുറം വലമ്പൂർ മേലെ പൂപ്പലത്തെ കുറ്റീരി ആഷിർ റഹ്മാന്റെ ഭാര്യയാണ് ആയിഷ രഹ്‌ന. തിരൂർക്കാട് തോണിക്കര പരേതനായ ഉരുണിയൻ ഹുസൈന്റെ മകളാണ്. മക്കൾ : മൽഹ ഫെമിൻ, മിഷാൽ. വെള്ളിയാഴ്ച പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാര ശേഷം പാതായ്ക്കരയിലെ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.