വാഹനം ലഭിച്ചില്ല; നെടുമ്പാശ്ശേരിയിലെത്തിയ ഗർഭിണിയും മകനും വലഞ്ഞു
text_fieldsഓമശ്ശേരി (കോഴിക്കോട്): വിമാനത്താവളത്തിൽനിന്ന് അധികൃതർ ഉറപ്പുനൽകിയ വാഹനം ലഭിക്കാതായതോടെ ഗർഭിണിക്കും മകനും കൊച്ചിയിൽനിന്ന് കോഴിക്കോേട്ടക്ക് രാത്രി തനിച്ച് യാത്രചെയ്യേണ്ടി വന്നു. കോഴിക്കോട് ഓമശ്ശേരി ഉരുളുമ്മൽ അരിയിൽ കാമിൽ മുഖ്താറിെൻറ ഭാര്യ ദാനിയയും മൂന്നു വയസ്സുള്ള മകൻ അബീലുമാണ് ദുരിതത്തിനിരയായത്.
ഞായർ പുലർച്ചെ രണ്ടിന് എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവിടുമെന്ന് നേരത്തെ കൊച്ചിയിലെ കോവിഡ് സെൻറർ അധികൃതർ വിവരം നൽകിയതായി ബന്ധുക്കൾ പറയുന്നു. നിരവധി തവണ ബന്ധപ്പെട്ടപ്പോഴൊക്കെ ഗർഭിണിയെയും മകനെയും വീട്ടിലെത്തിക്കുമെന്ന ഉറപ്പ് ആവർത്തിക്കുകയായിരുന്നുവെന്ന് പിതാവ് കെ.ടി. മുഹമ്മദ് പറയുന്നു.
എന്നാൽ, വിമാനമിറങ്ങിയ യുവതിക്ക് വീട്ടിലേക്കായതിനാൽ സ്വന്തം വാഹനത്തിൽ പോകണമെന്ന മറുപടിയാണ് വിമാനത്താവള അധികൃതരിൽനിന്ന് ലഭിച്ചത്. വിമാനത്താവളത്തിൽ മൂന്ന് കൗണ്ടറുകൾ അധികൃതർ യാത്രക്കാർക്കായി സജ്ജീകരിച്ചിരുന്നു. സർക്കാർ സജ്ജീകരിച്ച ക്വാറൻറീലേക്കു പോകുന്നവർക്ക് കെ.എസ്.ആർ.ടി.സി ബസ് ലഭ്യമായിരുന്നു.
ഹോം ക്വാറൻറീലുള്ള ദാനിയക്കും മകനും ഇത് ലഭിച്ചില്ല. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിക്ക് കൊടുക്കാൻ ഇവരുടെ കൈവശം പണംവരെ ഉണ്ടായിരുന്നില്ല. ഒടുവിൽ വീട്ടിൽ എത്തിയതിനു ശേഷം പണം നൽകാമെന്ന ഉറപ്പിൽ ടാക്സി വിളിക്കുകയായിരുന്നു.
അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് വാഹനവുമായി കൊച്ചിയിലേക്ക് പോവേണ്ടതില്ലെന്ന് തീരുമാനിച്ച പിതാവിനും കുടുംബത്തിനും മകളും ചെറുമകനും കൊച്ചിയിൽ നിന്നും ഒറ്റക്ക് ടാക്സിയും വിളിച്ച് കോഴിക്കോട്ടേക്ക് വരുന്ന വിവരമാണ് ലഭിച്ചത്. ഇതോടെ കാത്തിരുന്ന കുടുംബവും ആശങ്കയിലായി.
ഇത് സംബന്ധമായി ഞായറാഴ്ച കൊച്ചിയിലെ കോവിഡ് സെൻറർ അധികൃതരെ വിവരമറിയിച്ചപ്പോൾ അവർ ക്ഷമചോദിച്ചതായി പിതാവ് മുഹമ്മദ് പറഞ്ഞു. എറണാകുളം ജില്ല കലക്ടർക്ക് പരാതി ഇ-മെയിൽ ചെയ്തിരിക്കുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.