അനന്യയുടേത് ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം; ചികിത്സ പിഴവുണ്ടായോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്
text_fieldsകൊച്ചി: ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ കുമാരി അലക്‌സിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോയെന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായതായും താൻ ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുകയാണെന്നും അനന്യ മരണത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു.
2020 ജൂണിലായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടത്. ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. എപ്പോഴും ഒരു ദ്രാവകം വന്നുകൊണ്ടിരിക്കും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാൻ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ് -അനന്യ മരണത്തിന് മുമ്പായി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റെനൈ മെഡിസിറ്റിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. രണ്ടുലക്ഷത്തി അമ്പത്തിയഞ്ചു രൂപയോളം ചെലവായി. കുടലിൽ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിർമിക്കുന്ന രീതിയിലായിരുന്നു സര്‍ജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ തന്നെ പ്രശ്നങ്ങൾ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സർജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്.
ശസ്‍ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാമോ ചുമക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നു -അനന്യ പറയുന്നു. ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ നോക്കാം, ഡോക്ടര്‍മാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞുവെന്നും ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ അടിയന്തിരമായി നടപടിയെടുത്തേനെയെന്നും അനന്യ മരണത്തിന് മുമ്പ് പറഞ്ഞിരുന്നു.
അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. റെനൈ ആശുപത്രിയിലെ ഡോക്ടറുടെ പിഴവാണ് മരണകാരണമെന്ന് ഇവർ ആരോപിക്കുന്നു.
അതേസമയം, അനന്യകുമാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി റെനൈ മെഡിസിറ്റി രംഗത്തെത്തി. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയില്‍ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റെനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.