വയനാട്ടിൽ 59,000 ഏക്കറോളം വിദേശ തോട്ടം ഭൂമിയുണ്ടെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : വയനാട്ടിൽ 59,000 ഏക്കറോളം വിദേശ തോട്ടം ഭൂമിയുണ്ടെന്ന് റിപ്പോർട്ട്. 1947 നു മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും രാജാക്കന്മാർ പാട്ടത്തിന് കൊടുത്തിരുന്ന ഭൂമിയുടെ പ്രാഥമിക കണക്കാണിത്. ലാൻഡ് റിസപ്ഷൻ സ്പെഷ്യൽ ഓഫീസിന് വയനാട് റവന്യൂ വിഭാഗമാണ് ബ്രിട്ടീഷ് തോട്ടങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്..
വയനാട്ടിലെ മുഴുവൻ ഭൂമിയുടെയും കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. സ്പെഷ്യൽ ഓഫീസർക്ക് നൽകിയ കണക്ക് പ്രകാരം വിവിധ വില്ലേജുകളിൽ നിന്ന് 48 ഉടമകളുടെ കണക്കാണ് കലക്ടർ ശേഖരിച്ചത്. 32 എസ്റ്റേറ്റുകൾക്ക് 100 ഏക്കറിൽ കൂടുതൽ ഭൂമിയുണ്ട്. കൽപ്പറ്റ ചന്ദ്ര പ്രഭാ ട്രസ്റ്റ് -534 ഏക്കർ, പൊഴുതന കുറിച്യർമല പ്ലാന്റേഷൻ- 266, തിരുനെല്ലി ബ്രഹ്മഗിരി ബി എസ്റ്റേറ്റ്- 470, അമ്പലവയൽ കുപ്പമുടി എസ്റ്റേറ്റ് -395, ഇരുളം പാമ്പ്ര കാപ്പിത്തോട്ടം- 826, വേളളരിമല സെമാക്സ് പ്ലാന്റേഷൻ ലിമിറ്റഡ്-118, പാരി ആൻഡ് കോ ഹോപ് വില്ല -9363, വരവാണി പ്ലാന്റേഷൻസ്-115, കോട്ടത്തറ-മുട്ടിൽ സൗത്ത് മാധവ വർമ്മ ജെയിനും മറ്റുള്ളവരും-184,
കൽപ്പറ്റ എൽസ്റ്റോൺ ടീ എസ്റ്റേറ്റ്-631, തിരുനെല്ലി ബ്രഹ്മഗിരി എ എസ്റ്റേറ്റ്-(ബി ചന്ദ്രൻ)-197, വെളരിമല, മേമുവെട്ടി എസ്റ്റേറ്റ് ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് കോ ഓപറേറ്റീവ് ഹോൾ സെയിൽ സൊസൈറ്റി ലിമിറ്റഡ്-195, തിരുനെല്ലി ബ്രഹ്മഗിരി എ ആൻഡ് സി എസ്റ്റേറ്റ് - 476, വെള്ളരിമല മപ്പാടി വയനാട് ടീ കമ്പനി-948, ചോയിമല എസ്റ്റേറ്റ് (ഈസ്റ്റിന്ത്യ ടീ ആൻഡ് പ്രൊഡ്യൂസ് കമ്പനി)-268, വെള്ളരിമല എസ്റ്റേറ്റ് (ഈസ്റ്റിന്ത്യ ടീ ആൻഡ് പ്രൊഡക്‌സ്)-332,
തിരുനെല്ലി പി.വി.എസ് പ്ലാന്റേഷൻ -422, ബ്രഹ്മഗിരി എ എസ്റ്റേറ്റ് -197, ബ്രഹ്മഗിരി എസ്റ്റേറ്റ്- 197, കോട്ടപ്പടി കടൂർ എസ്റ്റേറ്റ്(എച്ച്.എം.എൽ)-411, ചുണ്ടേൽ വേങ്ങക്കോട്ട എസ്റ്റേറ്റ്-329, ജി റൊമാലി കമ്പനി-810, അച്ചൂരാനം ഹാരിസൺസ് അച്ചൂർ എസ്റ്റേറ്റും മറ്റുള്ളവരും- 30,658, കോട്ടപ്പടി, ചുണ്ടേൽ പോഡാർ തോട്ടം- 1323, എൻ.എസ്.എസ് എസ്റ്റേറ്റ്-1250, തവിഞ്ഞാൽ, ചിറക്കര എസ്റ്റേറ്റ് (പാരിസൺ എസ്റ്റേറ്റ്)-1223,
മാനന്തവാടി ജെസി എസ്റ്റേറ്റ് (പാരിസൺ എസ്റ്റേറ്റ്)- 1049, തവിഞ്ഞാൽ, തലപ്പുഴ ടീ എസ്റ്റേറ്റ് (പാരിസൺ എസ്റ്റേറ്റ്)-1082, എടവക തേറ്റമല ടീ എസ്റ്റേറ്റ് (പാരിസൺ എസ്റ്റേറ്റ്)- 671, ചുണ്ടേൽ ചെലോട്ട് എസ്റ്റേറ്റ്- 799, കോട്ടപ്പടി ചെമ്പ്ര എസ്റ്റേറ്റ് -1929, ചുളുക്ക ടീ എസ്റ്റേറ്റ്- 883 എക്കർ എന്നിങ്ങനെയാണ് വയനാട് കലക്ടർ ശേഖരിച്ച ലിസ്റ്റിലെ 100 ഏക്കറിലധികമുള്ള എസ്റ്റേറ്റുകൾ. ആകെയുള്ള 48 എസ്റ്റേറ്റുകളിൽ 16 എണ്ണത്തിന് 100 ഏക്കറിൽ താഴെ ഭൂമിയാണുള്ളത്.
തോട്ടം ഭൂമിക്ക് മേൽ സർക്കാരിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവിൽ കേസ് ഫയൽ ചെയ്യണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) 2019ലാണ് ഉത്തരവിട്ടത്. വയനാടിനെ സംബന്ധിച്ചിടത്തോളം ഉത്തരവ് ഇപ്പോഴും കടലാസിലാണ്. വയനാട് കലക്ടറാണ് ഈ തോട്ടങ്ങളുടെ മേൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് നൽകേണ്ടത്. എസ്റ്റേറ്റ് ഉടമകളുടെ സമ്മർദത്താലാണ് കേസ് നൽകാൻ വൈകുന്നതെന്നും ആക്ഷേപമുണ്ട്.
1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും പാട്ടത്തിന് നൽകിയ ഭൂമിക്ക് ഇപ്പോഴത്തെ ഉടമകൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകിയത് താലൂക്ക് ലാൻഡ് ബോർഡാണ്. നിയമവിരുദ്ധമാണ് താലൂക്ക് ലാൻഡ് ബോർഡിന്റെ ഈ നടപടിയെന്ന് മുൻ ലാൻഡ് റവന്യൂ കമീഷണർ മേരിക്കുട്ടി റിപ്പോർട്ട് നൽകിയിരുന്നു. അതിനാൽ ബ്രിട്ടീഷ് കമ്പനികളുടെ പാട്ടഭൂമിക്ക് നൽകിയ അനുമതി സർക്കാർ റദ്ദ്ചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ വിദേശ തോട്ടം ഭൂമി ഏറ്റെടുക്കാമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.