കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ മോശം പെരുമാറ്റം: പ്രാഥമിക റിപ്പോർട്ട് നൽകി
text_fieldsആറ്റിങ്ങൽ: ബസ് യാത്രികരെ കണ്ടക്ടർ അസഭ്യം പറഞ്ഞ സംഭവത്തിൽ കെ.എസ്.ആർ.ടി.സി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. കണ്ടക്ടർക്കെതിരെ തിങ്കളാഴ്ച നടപടിയുണ്ടായേക്കും. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ ഷീബക്കെതിരെയാണ് അന്വേഷണം. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് ജി.ഡി റിപ്പോർട്ട് തയാറാക്കി.
ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. യാത്രക്കാർ ഉടൻ കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലും ചിറയിൻകീഴ് പൊലീസിലും വിളിച്ച് പരാതി അറിയിച്ചിരുന്നു. ബസ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ സംഭവത്തെക്കുറിച്ച് ചോദിച്ച ഇൻസ്പെക്ടർമാരോടും കണ്ടക്ടർ ദേഷ്യപ്പെട്ടതായി വിവരമുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച വിവരങ്ങൾ നൽകാൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തയാറായില്ല.
കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇൻസ്പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ആരോപണവിധേയയായ ജീവനക്കാരിയുടെ ആരോഗ്യ പ്രശ്നങ്ങളും ചിറയിൻകീഴിൽ പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത അവസ്ഥയും യാത്രക്കാരിൽ ചിലർ സൃഷ്ടിച്ച പ്രകോപനവും സംഭവത്തിന് കാരണമായിട്ടുണ്ടെന്ന് ഇതര ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ചിറയിൻകീഴ് പൊലീസിൽ സംഭവം വിളിച്ചുപറഞ്ഞ യാത്രക്കാരിയെ ഞായറാഴ്ച മൊഴിയെടുക്കാൻ വിളിച്ചപ്പോൾ പരാതിയില്ലെന്നുപറഞ്ഞ് ഒഴിയുകയായിരുന്നു. അതിനാൽ പൊലീസ് കേസെടുത്തില്ല. ചിറയിൻകീഴിൽനിന്ന് മുരുക്കുമ്പുഴ- കഴക്കൂട്ടം- മെഡിക്കൽ കോളജ് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലെ കണ്ടക്ടർ വർക്കല നെല്ലിക്കോട് സ്വദേശിനി ഷീബയാണ് യാത്രക്കാരെ ആക്ഷേപിച്ച് ഇറക്കിവിട്ടത്. ഉച്ചക്ക് ചിറയിൻകീഴിലെത്തിയ ബസിൽ യാത്രക്കാർ ഓടിക്കയറിയിരുന്നു.
തനിക്ക് ഭക്ഷണം കഴിക്കണമെന്നും അതിനുശേഷം കയറിയാൽ മതിയെന്നും പറഞ്ഞ് യാത്രക്കാരോട് ക്ഷുഭിതയായ കണ്ടക്ടർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.