പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി അധികാരമേറ്റു. ഇതാദ്യമായാണ് സംവിധായകനല്ലാത്ത ഒരാൾ അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് പ്രേംകുമാറിന് മുന്നിലുള്ളത്.
ബംഗാളി നടിയുടെ ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച ഒഴിവിലാണ് നിയമനം. സർക്കാർ ഏൽപിച്ചിരിക്കുന്ന ചുമതല ഏറ്റവും കൃത്യമായും ആത്മാർഥതയോടെയും സുതാര്യമായും നിറവേറ്റുമെന്ന് പ്രേം കുമാർ പറഞ്ഞു. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി.അതിന്റെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവർത്തിക്കും. സിനിമാ മേഖലയേക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. അതിൽ എല്ലാവരും വല്ലാതെ വിഷമിക്കുന്നവരാണ്. കാരണം സിനിമയെ സ്നേഹിക്കുന്നവരെല്ലാം വല്ലാത്ത മാനസികാവസ്ഥയിലാണ്. സർക്കാർ എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടുന്നുണ്ട്. നിരപരാധിയാണെന്ന് തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് വരെയാണ് തന്റെ ചുമതലയെന്നും പ്രേംകുമാർ വ്യക്തമാക്കി.
രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യു.സി.സി രംഗത്തുവന്നു. തുടർന്നാണ് പ്രേംകുമാറിനെ പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.