ശബരിമല തീർഥാടനം ഒരുക്കം തകൃതി; ബുക്കിങ് തീർന്നു
text_fieldsശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനം തുടങ്ങാൻ 11 ദിവസം മാത്രം ശേഷിേക്ക ഒരുക്കം തകൃതി. 65 ദിവസത്തെ തീർഥാടനകാലത്ത് ദർശനത്തിന് ഏർപ്പെടുത്തിയ ഓൺലൈൻ ബുക്കിങ് പൂർണമായി. ദർശനത്തിന് എത്തുന്നവരുടെ എണ്ണം 1000 ആയി നിർണയിച്ചിട്ടുണ്ടെങ്കിലും സൗകര്യങ്ങളിൽ കുറവൊന്നും വരുത്തിയിട്ടില്ല. എൺപത്തയ്യായിരത്തോളം പേരാണ് വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്തത്. തുടങ്ങി രണ്ട് മണിക്കൂറിനകം 65 ദിവസത്തെയും ബുക്കിങ് പൂർണമാവുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30നാണ് ഇത് തുടങ്ങിയത്.
16ന് ആരംഭിക്കുന്ന തീർഥാടനം ജനുവരി 19നാണ് അവസാനിക്കുക. തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ 1000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 േപർക്കുമാണ് പ്രവേശനം. മകരവിളക്ക് സമയത്ത് 5000 പേർക്കാണ് ദർശനത്തിന് അനുമതി. ബുക്ക് ചെയ്തവരിൽ ആെരങ്കിലും റദ്ദാക്കിയാൽ മാത്രമാണ് ഇനി അവസരം ലഭിക്കുക. തുലാമാസ പൂജസമയത്ത് പ്രതിദിനം 250 പേർക്കാണ് പ്രവേശനം അനുവദിച്ചത്. അത് കണക്കാക്കി ബുക്കിങ് അവസാനിപ്പിെച്ചങ്കിലും എത്തിയത് നൂറ്റമ്പതോളം പേർ മാത്രമായിരുന്നു.
സാധാരണ തീർഥാടനകാലത്ത് എന്നപോലെ എല്ലാ തയാറെടുപ്പും നടത്തിവരുകയാണ്. താൽക്കാലിക ജോലിക്കാരുടെയും മറ്റും നിയമനം പൂർത്തിയായി. തീർഥാടനകാലത്ത് പ്രതിദിനം ഒരുകോടിയോളം രൂപയാണ് ബോർഡിന് ചെലവുവരുന്നത്. ഇപ്പോൾ ഇതിൽ 25 ശതമാനം മാത്രേമ കുറവുവരൂവെന്നാണ് ബോർഡ് വിലയിരുത്തുന്നത്. പ്രതിദിനം ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം കൂട്ടണമെന്ന നിർദേശം ദേവസ്വം ബോർഡ് സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
ക്ഷേത്രെത്ത വരുമാനം നേടാനുള്ള ഉപാധിയായി കാണുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിലെ സ്ഥിതിയിൽ വലിയ നഷ്ടമായിരിക്കും ബോർഡിന് ഉണ്ടാവുക.
എന്നിരുന്നാലും മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി ഭക്തർക്ക് ദർശനത്തിന് അവസരം ഒരുക്കുകയെന്നതാണ് നയം. ബുക്ക് ചെയ്തവർ പകുതിയോളം വരാൻ സാധ്യതയില്ലാത്തതുകൂടി കണക്കിലെടുത്ത് ദർശനം അനുവദിക്കുന്നവരുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായം ബോർഡിനുെണ്ടന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാലത്ത് 1000 ഭക്തർ മാത്രം: പുനരാലോചിക്കുമെന്ന് സർക്കാർ
കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമലയിൽ പ്രതിദിനം 1000 ഭക്തർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന തീരുമാനം പുനരാലോചിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. ദിവസേന 20,000 ഭക്തർക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ അണ്ണാനഗർ സ്വദേശി കെ.പി. സുനിൽ നൽകിയ ഹരജിയിലാണ് ഇക്കാര്യം അറിയിച്ചത്.
1000 ഭക്തർ എന്നതു വളരെക്കുറവാണെന്നും വർധിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സർക്കാറിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്. അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാനും ദേവസ്വം ഡിവിഷൻ ബെഞ്ച് സർക്കാറിനു നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.