ശിവഗിരി തീര്‍ഥാടനത്തിന് ഒരുക്കം തുടങ്ങി, തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും; കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍
text_fieldsതിരുവനന്തപുരം: 88ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കുറി തീര്‍ഥാടനം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ക്കു മാത്രമേ ശിവഗിരിയിലേക്ക് പ്രവേശനമുള്ളൂ.ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ വിര്‍ച്വല്‍ തീര്‍ഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീര്‍ഥാടനം നടത്തുകയെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മഠം അധികൃതര്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബര്‍ 25 മുതല്‍ ശിവഗിരി ടിവിയിലൂടെ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യും. ശിവഗിരിയിലും പരിസരത്തും തീര്‍ഥാടകര്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീര്‍ഥാടകര്‍ക്ക് ശിവഗിരിയില്‍ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല.
ശിവഗിരിയിലേക്കുവരുന്ന തീര്‍ഥാടകര്‍ മുന്‍കാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് വി.ആര്. വിനോദ് പറഞ്ഞു. 1000 പേരില്‍ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്ക് പ്രവേശിപ്പിക്കൂ. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതു പരിപാടികള്‍ നടത്തുകയാണെങ്കില്‍ ഹാളിെൻറ വലിപ്പത്തിെൻറ 50 ശതമാനത്തില്‍ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മഠം അധികൃതര്‍ തീര്‍ഥാടകര്‍ക്ക് പ്രത്യേക അറിയിപ്പ് നല്‍കണം.
തിരക്ക് കുറയ്ക്കുന്നതിെൻറ ഭാഗമായി പതിവ് സ്പെഷല്‍ ബസ്, ട്രെയിന്‍ സര്‍വിസുകള്‍ എന്നിവ ഇത്തവണ ഉണ്ടാകില്ല. തീര്‍ഥാടകരായെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനായി സാനിറ്റൈസര്‍, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്കാനറുകള്‍ തുടങ്ങിയവ ഒരുക്കണം. കൈകള്‍ വൃത്തിയാക്കുന്നതിന് മഠത്തിെൻറയും ശിവഗിരിയുടെ മറ്റു ഭാഗങ്ങളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.
തീര്‍ഥാടനത്തിന് മുന്നോടിയായി കുളിക്കടവുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വര്‍ക്കല മുനിസിപ്പാലിറ്റിയും ജലവിഭവ വകുപ്പും ഇതിന് പ്രത്യേക തയാറെടുപ്പുകള്‍ നടത്തണം.തീര്‍ഥാടകരുടെ ആവശ്യത്തിനായി താൽക്കാലിക ശൗചാലയങ്ങൾ സജ്ജമാക്കുന്നതിനും വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
തീര്‍ഥാടനം ആരംഭിക്കുന്നതിനുമുമ്പ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനും തടസ്സമില്ലാത്ത രീതിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബിക്കും നിര്‍ദേശം നല്കി. കലക്ടറേറ്റില്‍ എ.ഡി.എമ്മിെൻറ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ജില്ല പൊലീസ് മേധാവി ബി. അശോകന്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഇ.എം. സഫീര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, വര്‍ക്കല മുനിസിപ്പല്‍ സെക്രട്ടറി എല്‍.എസ്. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വിനോദ് രാജ്, ഡി. ശ്യാം, ജില്ല മെഡിക്കല്‍ ഓഫിസ് ടെക്നിക്കല്‍ അസി. ടി.വി. അഭയന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.