സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി; പ്രധാന വേദിക്ക് കാല്‍നാട്ടി
text_fieldsതൃശൂർ: പതിനഞ്ച് വര്‍ഷത്തെ ഇടവേളക്കുശേഷം ജില്ല ആതിഥ്യം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കുന്നംകുളം സജ്ജമായി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിന് സമീപം പ്രധാന വേദിക്ക് എ.സി. മൊയ്തീന്‍ എം.എല്‍.എ കാല്‍നാട്ടി. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.
മേളക്ക് മുന്നോടിയായി ഈമാസം 13ന് തൃശൂരില്‍നിന്ന് മത്സര സ്ഥലമായ കുന്നംകുളത്തേക്ക് ദീപശിഖ പ്രയാണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കും. അഞ്ച് ദിവസം നീളുന്ന കായിക മേളയില്‍ 3000ഓളം താരങ്ങള്‍ പങ്കെടുക്കും. കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈമാസം 16ന് വൈകീട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒരു ജില്ലക്ക് ഒരു കൗണ്ടര്‍ എന്ന നിലയില്‍ 14 രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. മത്സരത്തിന് ആദ്യമെത്തുന്ന കായിക സംഘത്തിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 17ന് രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
വൈകീട്ട് കായികോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. പെണ്‍കുട്ടികള്‍ക്ക് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് താമസ സൗകര്യം ഒരുക്കുക. ഇവിടെ വനിത പൊലീസിന്റെ സേവനം ലഭ്യമാക്കും. മറ്റ് കായിക താരങ്ങള്‍ക്ക് സമീപത്തെ 15 വിദ്യാലയങ്ങളില്‍ താമസം ഏര്‍പ്പെടുത്തും. കായിക വിദ്യാര്‍ഥികള്‍ക്കാവശ്യമായ വെള്ളവും കുടിവെള്ളവും ഉറപ്പാക്കും. സീനിയര്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പ്രാക്ടീസ് ഗ്രൗണ്ടിലാണ് ആറായിരത്തോളം പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഭക്ഷണം ഏര്‍പ്പെടുത്തുക.
ഒരേ സമയം ആയിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. സമാപന ദിവസം രാത്രി 2000 പേര്‍ക്ക് പൊതിച്ചോറും ഏര്‍പ്പെടുത്തും. കായികമേളയില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനമുണ്ടാകും. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസര്‍മാരുടെ സേവനവും ലഭ്യമാക്കും. കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രത്യേക കൗണ്ടറുകളുണ്ടാകും. ഹരിതചട്ടം പാലിച്ച് നടത്തുന്ന കായികമേളയുടെ ഭാഗമായി മുപ്പത്തിയഞ്ചോളം ഓല വല്ലങ്ങള്‍ വിവിധ ഇടങ്ങളില്‍ സജ്ജമാക്കും.
98 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (ആണ്‍/പെണ്‍) വിഭാഗങ്ങളിലായി 3000ത്തോളം കായികതാരങ്ങളും 350 ഒഫിഷ്യല്‍സും 200 എസ്‌കോര്‍ട്ടിങ് ഒഫിഷ്യല്‍സും പങ്കെടുക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ, പി.ഐ. രാജേന്ദ്രന്‍, അഡ്വ. കെ. രാമകൃഷ്ണന്‍, ടി.ആര്‍. ഷോബി, രേഖ സുനില്‍, ജില്ല പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.