ആന പ്രശ്നം തുടരാൻ സാധ്യത; നിർദേശങ്ങൾ തയാറാക്കി സമർപ്പിക്കാൻ വിദഗ്ധ സമിതിയോട് കോടതി
text_fieldsകൊച്ചി: ആനയിറങ്കൽ, ചിന്നക്കനാൽ മേഖലകളിൽ ആനയും മനുഷ്യരും തമ്മിലുള്ള സംഘർഷം തുടരാൻ സാധ്യതയുള്ളതിനാൽ ഈ വിഷയത്തിൽ റവന്യൂ, വനം പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഇടുക്കി ജില്ല കലക്ടർ എന്നിവരുമായി അടിയന്തര യോഗം ചേർന്ന് നിർദേശങ്ങൾ തയാറാക്കി സമർപ്പിക്കാൻ ഹൈകോടതി വിദഗ്ധ സമിതിക്ക് നിർദേശം നൽകി. ഈ മേഖലകളിലെ ആനകളുടെ സംരക്ഷണത്തിനായി വനംവകുപ്പ് തയാറാക്കിയ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. മേഖലയിലെ ജനങ്ങളുടെ സംരക്ഷണത്തിന് ഈ റിപ്പോർട്ടിലെ ശിപാർശകൾ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ചർച്ച നടത്തി നിർദേശങ്ങളും ഇതു നടപ്പാക്കാനുള്ള സമയക്രമവും സമർപ്പിക്കാൻ വിദഗ്ധ സമിതിക്ക് നിർദേശം നൽകിയത്.
കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്. അരുൺ, പ്രോജക്ട് ടൈഗർ സി.സി.എഫ് പി.പി. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ, ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ.
ഇടുക്കി ജില്ലയിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം മൂലമുള്ള ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലയിൽ ടാസ്ക് ഫോഴ്സുകൾക്ക് രൂപം നൽകണമെന്ന് കോടതി നിർദേശിച്ചു. ആർ.ഡി.ഒ, അതത് മേഖലയിലെ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ, ജില്ല പൊലീസ് മേധാവി, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഇതിൽ ഉൾപ്പെടുത്തണം. പഞ്ചായത്ത് തലത്തിലുള്ള ടാസ്ക് ഫോഴ്സുകളിൽ ജില്ല പൊലീസ് മേധാവിയായിരിക്കും കൺവീനർ. ഒരാഴ്ചക്കുള്ളിൽ ടാസ്ക് ഫോഴ്സുകൾ രൂപവത്കരിച്ച് ജനവാസ മേഖലയിലെ കാട്ടാനശല്യം തടയാൻ നടപടി സ്വീകരിക്കണം. ടാസ്ക് ഫോഴ്സുകളുടെ രൂപവത്കരണം, പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച് ഇടുക്കി ജില്ല പൊലീസ് മേധാവി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.