എട്ടാം വിവാഹത്തിനൊരുങ്ങിയയാൾ കസ്റ്റഡിയിൽ
text_fieldsകാളികാവ് (മലപ്പുറം): പഴയ വിവാഹത്തിെൻറ ബാധ്യത തീര്‍ക്കാന്‍ വീണ്ടും വിവാഹത്തിനിറങ്ങിപ്പുറപ്പെട്ടയാളെ കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരനെയാണ് കസ്റ്റഡിയിലെടുത്ത് കാളികാവ് പൊലീസിന് കൈമാറിയത്. 50,000 രൂപ സ്ത്രീധനം വാങ്ങിയാണ് കാളികാവില്‍നിന്ന് ഇയാള്‍ വിവാഹം ചെയ്തത്.
എന്നാൽ, ഇയാള്‍ പലതവണ വിവാഹിതനായിട്ടുണ്ടെന്ന വിവരമറിഞ്ഞതോടെ യുവതി പിന്മാറുകയായിരുന്നു. ഏഴാം ഭാര്യയായ ഇവർ തെൻറ പണം കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. ഈ തുക തിരിച്ചുനല്‍കാന്‍ വയനാട്ടില്‍നിന്ന് എട്ടാം വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഭർത്താവ്. ഇതിനിടെയാണ് ഇയാളെക്കുറിച്ച് കരുവാരകുണ്ടിലെയും കാളികാവിലെയും ഭാര്യമാരും പരാതിയുമായി രംഗത്തിറങ്ങുന്നത്. ഇവർ കൂട്ടമായി സ്‌റ്റേഷനിലെത്തി.
ആമപ്പൊയില്‍ സ്വദേശിയായ ദല്ലാൾ വഴിയാണ് ഭർത്താവ് എട്ടാം വിവാഹത്തിന് ഒരുങ്ങിയത്. വന്‍തുക കമീഷന്‍ ലഭിക്കുമെന്നതിനാലാണ് ദല്ലാളുമാര്‍ തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. വിവാഹതട്ടിപ്പുകൾ സജീവമായിരുന്ന മലയോര പ്രദേശങ്ങളിൽ പാവപ്പെട്ട പെണ്‍കുട്ടികളെ കണ്ണീരുകുടിപ്പിക്കാന്‍ വീണ്ടും സംഘങ്ങളെത്തുകയാണെന്നാണ് കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളില്‍ അരങ്ങേറുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.